Asianet News MalayalamAsianet News Malayalam

ലാൻഡിങ് ശ്രമത്തിനിടെ വിമാനം നിലംതൊട്ടത് പുൽത്തകിടിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കാലാവസ്ഥ അനുകൂലമല്ലാത്ത സാഹചര്യത്തിൽ മറ്റ് വിമാനത്താവളത്തിൽ വിമാനം ഇറക്കുകയോ അല്ലെങ്കിൽ രണ്ടാമതും സുരക്ഷിതമായ ലാന്‍ഡിങ്ങിന് ശ്രമിക്കുകയോ ചെയ്യാറാണ് പതിവ്. 

GoAir Pilots Lost Sight Of Runway Landed On Grass
Author
Bangalore, First Published Jan 10, 2020, 3:20 PM IST

ബെം​ഗളൂരു: ഗോ എയര്‍ എ-320 നിയോ വിമാനം ലാന്‍ഡിങ്ങിനിടെ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. 146 യാത്രക്കാരുമായി നാഗ്പൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. മൂടല്‍മഞ്ഞു കാരണം ബെംഗളൂരു വിമാനത്താവളത്തിലെ റണ്‍വേയ്ക്ക് അമ്പതടി മുകളില്‍വച്ച് പൈലറ്റിനും സഹപൈലറ്റിനും കാഴ്ച അവ്യക്തമാക്കുകയായിരുന്നു. കഴിഞ്ഞ നവംബര്‍ 11നാണ് സംഭവം നടന്നത്.

കാലാവസ്ഥ അനുകൂലമല്ലാത്ത സാഹചര്യത്തിൽ മറ്റ് വിമാനത്താവളത്തിൽ വിമാനം ഇറക്കുകയോ അല്ലെങ്കിൽ രണ്ടാമതും സുരക്ഷിതമായ ലാന്‍ഡിങ്ങിന് ശ്രമിക്കുകയോ ചെയ്യാറാണ് പതിവ്. ഇവിടെ അപകടസാധ്യത മുന്നിൽ കണ്ടിട്ടും ഗോ എയര്‍ ജി8-811 വിമാനത്തിലെ പൈലറ്റും സഹപൈലറ്റും ചേർന്ന് ബെം​ഗളൂരു വിമാനത്താവളത്തിൽ വിമാനമിറക്കുകയായിരുന്നു. എന്നാല്‍, പൈലറ്റുമാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് റണ്‍വേയുടെ ഇടതുവശത്തുള്ള പുല്‍ത്തകിടിയിലേക്കാണ് വിമാനം നിലംതൊട്ടത്‌. 

ഇത്തരത്തിലുള്ള ലാന്‍ഡിങ്ങുകള്‍ വിമാനം പൂര്‍ണമായി തകരുന്നതിനു വരെ കാരണമാകാറുണ്ടെന്നാണ് വിദ​​ഗ്‍ധരുടെ അഭിപ്രായം. അബദ്ധം മനസ്സിലാക്കിയ പൈലറ്റുമാർ ബെം​ഗളൂരുവിൽനിന്നും പുറപ്പെട്ട് ഹൈദരാബാദ് വിമാനത്താവളത്തിലാണ് വിമാനം ലാൻഡ് ചെയ്തത്. മുഴുവൻ യാത്രക്കാരും സുരക്ഷിതരായി വിമാനത്താവളത്തിൽ എത്തിയതായും അധികൃതർ‌ അറിയിച്ചു. അതേസമയം, വിമാനം പുൽത്തകിടിലേക്ക് ലാൻഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന ഷഫീഖ് ഹംസ എന്നയാളാണ് വീഡിയോ പകർത്തിയത്.  

 

സംഭവത്തിൽ രണ്ടു പൈലറ്റുമാരെയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സസ്‌പെന്‍ഡ് ചെയ്തു. ഇരുവരും തങ്ങളുടെ തെറ്റ് അംഗീകരിച്ചതായും ഡിജിസിഎ വൃത്തങ്ങള്‍ അറിയിച്ചു. വിമാനം പറത്തുന്നതില്‍നിന്ന് പ്രധാനപൈലറ്റിനെ ആറുമാസത്തേക്കും സഹപൈലറ്റിനെ മൂന്നുമാസത്തേക്കുമാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.   

Follow Us:
Download App:
  • android
  • ios