രാജ്യം 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ അതിഥിയായി എത്തിയിരിക്കുന്നത് ബ്രസീല്‍ പ്രസിഡന്‍റ് ജൈര്‍ ബോള്‍സൊനാരോയാണ്. ഇത് മൂന്നാം തവണയാണ് ഒരു ബ്രസീല്‍ പ്രസിഡന്‍റ് റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ടാതിഥിയായി എത്തുന്നത്. എന്നാല്‍ ബൊള്‍സൊനാരോ ഇന്ത്യയിലെത്തുമ്പോള്‍ ഗോ ബാക്ക് വിളിയുമായാണ് സോഷ്യല്‍മീഡിയ അദ്ദേഹത്തെ സ്വീകരിക്കുന്നത്.

ട്വിറ്ററില്‍ ഇന്നത്തെ ട്രെന്‍റിംഗ് ടോപ്പിക്കുകളിലൊന്ന് #GoBackBolsonaro ആണ്. 'നിങ്ങള്‍ ഞങ്ങളുടെ രാജ്യത്തിന്‍റെ പതാകയില്‍ തൊടുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല' എന്നാണ് ട്വീറ്റുകള്‍. 'ആമസോണ്‍ കാടുകളുടെ ഘാതകനെ ഞങ്ങള്‍ക്ക് വേണ്ട. ബലാത്സംഗത്തെ സാധാരണമായി കാണുന്ന ഒരാള്‍ ഞങ്ങളുടെ മനോഹരമായ റിപ്പബ്ലിക് ദിനത്തില്‍ അതിഥിയായി എത്തേണ്ട', ഇങ്ങനെ പോകുന്നു ട്വീറ്റുകള്‍.

ഒരിക്കൽ ബ്രസീലിലെ ഒരു വനിതാ രാഷ്ട്രീയ പ്രവർത്തകയോട് ബോൾസൊനാരോ പറഞ്ഞത്, 'ഒന്ന് ബലാത്സംഗം ചെയ്യാൻ പോലും തോന്നാത്തത്ര വിരൂപയാണ് നിങ്ങൾ' എന്നായിരുന്നു. 'ആദിവാസി സ്ത്രീയെ വേശ്യയെന്ന് വിളിച്ചയാളാണ് ബൊള്‍സൊനാരോ'യെന്ന് ട്വിറ്റര്‍ പറയുന്നു.

ആമസോൺ കാടുകൾ കത്തിയെരിയാൻ കാരണക്കാരൻ എന്ന് പല സംഘടനകളും വിളിച്ച, തന്റെ വംശവെറിക്കും, സ്ത്രീ വിരുദ്ധതയ്ക്കും, ഹോമോഫോബിയക്കും,സ്വേച്ഛാധിപത്യ പ്രിയത്തിനും കുപ്രസിദ്ധിയാർജ്ജിച്ച ഭരണാധികാരിയാണ് ബോൾസൊനാരോ എന്നതുതന്നെയാണ് ട്വിറ്ററിലെ പ്രതിഷേധങ്ങള്‍ക്ക് കാരണം

ആരാണ് ബോൾസൊനാരോ?

വിമർശകർക്ക് അദ്ദേഹം കുടിലബുദ്ധിയായ ഒരു സ്വേച്ഛാധിപതിയാണ്. പരിസ്ഥിതിപ്രവർത്തകർ അദ്ദേഹത്തെ വിളിക്കുന്ന ഓമനപ്പേര്, 'ആമസോണിന്റെ കശാപ്പുകാരൻ' എന്നാണ്. എന്നാൽ അണികൾക്ക് അദ്ദേഹം ബ്രസീലിനെ ഇപ്പോൾ നിലനിൽക്കുന്ന ദുരവസ്ഥയിൽ നിന്ന് കരകയറ്റാൻ വന്ന ദൈവദൂതനിൽ കുറഞ്ഞൊന്നുമല്ല ബോൾസൊനാരോ. തീവ്ര വലതുപക്ഷ നിലപാടുകാരനായ, തികഞ്ഞ വിഘടനചിന്തകൾ മനസ്സിൽ കൊണ്ടുനടക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന് കാര്യമായ രാഷ്ട്രീയ ഭൂതകാലമൊന്നും അവകാശപ്പെടാനില്ല.

ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങളിലൊന്നായ ബ്രസീലിന്റെ മുപ്പത്തെട്ടാമത്തെ പ്രസിഡണ്ടായി അടുത്തിടെ സ്ഥാനമേറ്റെടുത്ത ബോൾസൊനാരോ, തെരഞ്ഞെടുപ്പിൽ പോൾ ചെയ്യപ്പെട്ടതിന്റെ അമ്പത്തഞ്ചുശതമാനം വോട്ടും നേടി, തന്റെ എതിർസ്ഥാനാർത്ഥി ഫെർണാണ്ടോ ഹദ്ദാദിനെ വളരെ ആധികാരികമായി പരാജയപ്പെടുത്തിക്കൊണ്ടാണ് അധികാരത്തിലേറുന്നത്. ഫലം തനിക്ക് അനുകൂലമായില്ലെങ്കിൽ അതിനെ താൻ സ്വീകരിക്കില്ല എന്നുപോലും അദ്ദേഹം പറഞ്ഞിരുന്നു ഇടക്കെപ്പോഴോ. 1991 മുതൽ പാർലമെന്ററി രാഷ്ട്രീയത്തിൽ പാർട്ടിവിട്ടു പാർട്ടി മാറിക്കൊണ്ട് തന്റെ സാന്നിധ്യമറിയിക്കുന്നുണ്ടെങ്കിലും, ബ്രസീലിന് പുറത്ത് ഒരാൾക്കും ബോൾസൊനാരോയെ അറിയില്ലായിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ഈ 63 -കാരൻ രാഷ്ട്രീയത്തിന്റെ പടികൾ ചവിട്ടിക്കേറി ബ്രസീലിന്റെ തലപ്പത്തെത്തുന്നത്.

ബ്രസീലിനെ ചൂഴ്ന്നുനിന്ന കടുത്ത സാമ്പത്തികപ്രതിസന്ധികളാണ് ബോൾസൊനാരോ എന്ന നേതാവിനെ രാഷ്ട്രീയത്തിൽ വിജയിക്കാൻ സഹായിച്ചത്. നിലവിലെ രാഷ്ട്രീയക്കാരിൽ ജനത്തിന് വിശ്വാസം നഷ്ടപ്പെട്ടതും, രാഷ്ട്രം കഴിഞ്ഞ നൂറുവർഷത്തിനിടെയുള്ള ഏറ്റവും കടുത്ത സാമ്പത്തികമാന്ദ്യത്തിലേക്ക് വഴുതിവീണതും ഒക്കെ ജനത്തെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചു. പന്ത്രണ്ടു ശതമാനത്തിലധികമായിരുന്നു ബ്രസീലിലെ തൊഴിലില്ലായ്മ അക്കാലത്ത്. ആ മാന്ദ്യത്തിനിടയിലും ഭരിച്ചിരുന്ന സർക്കാരിനെ പലതരത്തിലുള്ള കുംഭകോണങ്ങൾ വലച്ചു. അക്കൂട്ടത്തിൽ ഏറ്റവും വലിയ അഴിമതിയായിരുന്നു ലാവാ ജാറ്റോ അഥവാ കാർ വാഷ് സ്കാൻഡൽ. മുൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ഡാ സിൽവ അടക്കമുള്ള പലരും അക്കാലത്ത് അഴിക്കുള്ളിലായി. അഴിമതികൊണ്ട് പൊറുതിമുട്ടിയ ജനം ഗതികെട്ട് പ്രതികരിച്ചുതുടങ്ങി. ഈ അഴിമതിവിരുദ്ധ മുന്നേറ്റത്തിന്റെ ചുക്കാൻ പിടിച്ചുകൊണ്ടാണ് ബോൾസൊനാരോ എന്ന രാഷ്ട്രീയ നേതാവ് വെള്ളിവെളിച്ചത്തിലേക്ക് കേറിനിൽക്കുന്നത്. 

Read More : ബ്രസീലിയൻ പ്രസിഡന്റ് ബോള്‍സൊനാരോയെ നരേന്ദ്ര മോദി റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയാക്കിയതിൽ എന്താണ് കുഴപ്പം ?