Asianet News MalayalamAsianet News Malayalam

വീട് കത്തിക്കുകയില്ലെന്ന് പ്രതീക്ഷിക്കുന്നു; മോദിയുടെ ദീപം തെളിക്കൽ ആഹ്വാനത്തെ പരിഹസിച്ച് ശിവസേന എംപി

ദീപം തെളിയിക്കാൻ ഞങ്ങൾ തയ്യാറാണ്. പക്ഷെ നിലവിലെ സാഹചര്യം മെച്ചപ്പെടുത്താൻ സർക്കാർ എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഞങ്ങളോട് പറയുക. സജ്ഞയ് റാവത്ത് ട്വീറ്റ് ചെയ്തു

hope they dont burn their homes says sanjay raut
Author
Delhi, First Published Apr 4, 2020, 8:53 AM IST

ദില്ലി: ഏപ്രിൽ 5  രാത്രി 9 മണിക്ക് രാജ്യമെമ്പാടും ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ രൂക്ഷഭാഷയിൽ പരിഹസിച്ച് ശിവസേന എംപി സജ്ഞയ് റാവത്ത്. ഈ മാസം അഞ്ചിന് രാത്രി ഒൻപതു മണിക്ക് ഒൻപതു മിനിറ്റ് നേരം വൈദ്യുത വിളക്കുകള്‍ അണച്ച് ചിരാതുകളോ, മെഴുകുതിരികളോ, മൊബൈല്‍ ഫ്‌ളാഷ് ലൈറ്റുകളോ പ്രകാശിപ്പിച്ച് രാജ്യം നേരിടുന്ന കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടങ്ങളോട് പിന്തുണ പ്രഖ്യാപിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആ​ഹ്വാനം. അതേസമയം ദീപം തെളിയിക്കാൻ ആഹ്വാനം ചെയ്തതിന്റെ പേരിൽ വീട് കത്തിക്കില്ലെന്ന് പ്രതീക്ഷിക്കാമെന്നായിരുന്നു എംപിയുടെ പരിഹാസ വാക്കുകൾ. 

'കൈയടിക്കാൻ ആവശ്യപ്പെട്ടപ്പോൾ റോഡിൽ കൂട്ടം കൂടി നിന്ന് എല്ലാവരും ഡ്രം കൊട്ടി. ഇപ്പോൾ അവർ സ്വന്തം വീടുകൾ കത്തിക്കാതിരിക്കട്ടെ എന്നാണ് എന്റെ പ്രതീക്ഷ. ദീപം തെളിയിക്കാൻ ഞങ്ങൾ തയ്യാറാണ്. പക്ഷെ നിലവിലെ സാഹചര്യം മെച്ചപ്പെടുത്താൻ സർക്കാർ എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഞങ്ങളോട് പറയുക.' സജ്ഞയ് റാവത്ത് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം ജനതാ കർഫ്യൂ പ്രഖ്യാപിച്ച വേളയിൽ ജനങ്ങൾ വീടിന്റെ ബാൽക്കണിയിൽ കയറി നിന്ന് കയ്യടിച്ചോ പാത്രങ്ങൾ കൊട്ടിയോ മണിയടിച്ചോ ആ​രോ​ഗ്യ പ്രവർത്തകരോടുള്ള ബഹുമാനം പ്രകടിപ്പിക്കണമെന്ന് മോദി പറഞ്ഞിരുന്നു. എന്നാൽ അന്നേ ദിവസം ജനങ്ങൾ റോഡുകളിൽ കൂട്ടം കൂടി ഡ്രം അടിക്കുന്നതും ജാഥ നടത്തുന്നതുമാണ് കാണാൻ സാധിച്ചത്. 

ജനത കർഫ്യൂ പ്രഖ്യാപനത്തിന് ശേഷം രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ തമ്മിലുള്ള സമ്പർക്കം ഒഴിവാക്കി, അതുവഴി കൊവിഡ് 19 ബാധയെ പ്രതിരോധിക്കുക എന്നതാണ് ലക്ഷ്യം. ദീപം തെളിയിക്കൽ ആഹ്വാനത്തിനൊപ്പം തന്നെ റോഡുകളിൽ കൂട്ടം കൂടി നിൽക്കരുതെന്നും മോദി കൂട്ടിച്ചേർത്തിട്ടുണ്ട്. 'കൊറോണ വൈറസ് സൃഷ്ടിക്കുന്ന ഇരുട്ടിനെ പ്രതിരോധിക്കാൻ  വേണ്ടിയാണ് നമ്മൾ ഒരുമിച്ച് ദീപം തെളിക്കുന്നത്. ഈ ലോക്ക് ഡൗൺ കാലത്ത് ആരും ഒറ്റയ്ക്കല്ല, 130 കോടി ജനങ്ങളുടെ അമാനുഷിക ശക്തി ഓരോരുത്തർക്കും ഒപ്പമുണ്ട്.' വീഡിയോ സന്ദേശത്തിൽ മോദി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios