Asianet News MalayalamAsianet News Malayalam

'പാകിസ്ഥാനികൾ എന്നാണ് വിളി, കടുത്ത വേദനയുണ്ട്', ഷഹീൻ ബാഗ് സമരക്കാർ സുപ്രീംകോടതിയോട്

ഷഹീൻ ബാഗ് സമരക്കാരുമായി ചർച്ച നടത്താനായി നിയോഗിക്കപ്പെട്ട മധ്യസ്ഥസംഘത്തെ സഹായിക്കാൻ സുപ്രീംകോടതി നിയോഗിച്ച മുൻ ചീഫ് വിവരാവകാശ കമ്മീഷണർ വജാഹത്ത് ഹബീബുള്ളയുടെ സത്യവാങ്മൂലത്തിലാണ് സമരക്കാരുടെ നിലപാട്.

hurt at being labelled pakistanis shaheen bagh protestors tell sc
Author
New Delhi, First Published Feb 23, 2020, 5:31 PM IST

ദില്ലി: പൗരത്വ നിയമഭേദഗതിക്ക് എതിരെയുള്ള ഹർജികൾ എത്രയും പെട്ടെന്ന് പരിഗണിക്കണമെന്നും, ഈ കരിനിയമം എത്രയും പെട്ടെന്ന് റദ്ദാക്കണമെന്നും ഷഹീൻബാഗിൽ സമരം ചെയ്യുന്ന സ്ത്രീകൾ സുപ്രീംകോടതിയോട്. സമരത്തെച്ചൊല്ലി കേന്ദ്രസർക്കാർ ഒരിക്കൽ പോലും ചർച്ച നടത്താൻ തയ്യാറായിരുന്നില്ലെന്നും, അതിന് പകരം പാകിസ്ഥാനികളെന്ന വിളിയാണ് അധികാരത്തിലിരിക്കുന്നവർ തന്നെ തങ്ങളെ വിളിക്കുന്നതെന്നും ഇതിൽ കടുത്ത വേദനയുണ്ടെന്നും സമരം ചെയ്യുന്ന സ്ത്രീകൾ പറയുന്നു. ഷഹീൻ ബാഗ് സമരക്കാരുമായി ചർച്ച നടത്താനായി നിയോഗിക്കപ്പെട്ട മധ്യസ്ഥസംഘത്തെ സഹായിക്കാൻ സുപ്രീംകോടതി നിയോഗിച്ച മുൻ ചീഫ് വിവരാവകാശ കമ്മീഷണർ വജാഹത്ത് ഹബീബുള്ളയുടെ സത്യവാങ്മൂലത്തിലാണ് സമരക്കാരുടെ നിലപാട്.

ഷഹീൻബാഗ് സമരത്തെത്തുടർന്ന് പ്രദേശത്തെ റോഡ് ഗതാഗതം സ്തംഭിച്ചിരിക്കുകയാണെന്ന് കാണിച്ച് ഹർജിയിലാണ് സുപ്രീംകോടതി സമരക്കാരുമായി ചർച്ച നടത്താൻ മധ്യസ്ഥസമിതിയെ നിയോഗിച്ചത്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരായ സാധനാ രാമചന്ദ്രൻ, സഞ്ജയ് ഹെഗ്‍ഡെ എന്നിവരാണ് സമിതിയിലുണ്ടായിരുന്നത്. ഇവരെ സഹായിക്കാനാണ് മുൻ വിവരാവകാശ കമ്മീഷണർ കൂടിയായ വജാഹത്ത് ഹബീബുള്ളയെ നിയോഗിച്ചത്. 

hurt at being labelled pakistanis shaheen bagh protestors tell sc

ഷഹീൻ ബാഗിലെ സമരം സമാധാനപരമായാണ് തുടരുന്നതെന്നും, എന്നാൽ, പൊലീസാണ് സ്ഥലത്ത് അനാവശ്യമായി ബാരിക്കേഡുകൾ സ്ഥാപിച്ചതെന്നും വജാഹത്ത് അബ്ദുള്ള തന്‍റെ സത്യവാങ്മൂലത്തിൽ നിരീക്ഷിക്കുന്നു. സമരക്കാരുടെ ആവശ്യങ്ങൾ സുപ്രീംകോടതിയ്ക്ക് മുമ്പാകെ സമർപ്പിക്കണമെന്ന് ഷഹീൻബാഗിലെ അമ്മമാർ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഈ സത്യവാങ്മൂലമെന്ന് ഹബീബുള്ള വ്യക്തമാക്കുന്നു.

''ഈ രാജ്യത്തെ പൗരൻമാരായതിൽ അഭിമാനിക്കുന്നവരായിട്ടും, പാകിസ്ഥാനികളെന്നും/ വിദേശികളെന്നും/ വഞ്ചകരെന്നും/ ദേശദ്രോഹികളെന്നും/ പാകിസ്ഥാനികളെന്നും പല രാഷ്ട്രീയപ്രസംഗങ്ങളിലും തങ്ങളെ മുദ്ര ചാർത്തുന്നതിൽ കടുത്ത വേദനയുണ്ട് അവർക്ക്. ഒരു വിഭാഗം മാധ്യമങ്ങളും സമാനമായ തരത്തിൽ അപമാനിക്കുന്നെന്നും അവർക്ക് പരാതിയുണ്ട്'', സത്യവാങ്മൂലത്തിൽ പറയുന്നു.

''അതിജീവനത്തിനും നിലനിൽപിനുമുള്ള മരണമണിയാണ്'', സിഎഎയും എൻആർസിയും എന്നതിനാലാണ് ഇതിനെ സമാധാനപരമായി എതിർക്കുന്നതെന്ന് ഷഹീൻ ബാഗിലെ സമരക്കാർ വ്യക്തമാക്കുന്നു. ഷഹീൻബാഗ് കോളനിയിലെ ജനങ്ങൾ സമാധാനപരമായാണ് ഇടപെടുന്നത് എന്നതിനാലാണ് സമരത്തിനായി ഇവിടം തെരഞ്ഞെടുത്തതെന്ന് സ്ത്രീകൾ വ്യക്തമാക്കുന്നു. ഇവിടെ കഴിയുന്നവരും സമരത്തിലുണ്ട്. 

പലയിടത്തും പൊലീസ് വച്ച ബാരിക്കേഡുകൾ കാരണമാണ് ഗതാഗത തടസ്സമുണ്ടാകുന്നതെന്നും, ഇത് കാരണം സമരക്കാർക്കെതിരെ ജനവികാരം വഴിതിരിച്ച് വിടാൻ ശ്രമമുണ്ടെന്നും സത്യവാങ്മൂലത്തിൽ വഹാജത്ത് ഹബീബുള്ള നിരീക്ഷിക്കുന്നു, 

ബിജെപി നേതാവ് നന്ദ കിഷോർ ഗാർഗും, അഭിഭാഷകനായ അമിത് സാഹ്നിയുമാണ് ഷഹീൻബാഗ് സമരം കാളിന്ദി കുഞ്ജ് - നോയ്‍ഡ പാത തടസ്സപ്പെടുത്തുന്നുവെന്നും ഇത് ജനജീവിതത്തെ ബാധിക്കുന്നുവെന്നും കാട്ടി സുപ്രീംകോടതിയെ സമീപിച്ചത്. 

Follow Us:
Download App:
  • android
  • ios