Asianet News MalayalamAsianet News Malayalam

'ദില്ലി കത്തിയെരിയുമ്പോഴും നിങ്ങള്‍ സല്‍ക്കാരത്തിരക്കില്‍'; മോദിക്കെതിരെ ഇല്‍ത്തിജ മുഫ്തി

വിദേശത്ത് നിന്നുള്ള അതിഥികള്‍ സബര്‍മതി ആശ്രമം സന്ദര്‍ശിക്കുമ്പോള്‍ മാത്രമാണ് ഗാന്ധിജിയുടെ പാരമ്പര്യം സ്മരിക്കുന്നത്. അദ്ദേഹത്തിന്‍റെ മൂല്യങ്ങള്‍ പണ്ടേ മറന്നുവെന്നും ഇല്‍ത്തിജ മുഫ്തി 

Iltija Mufti about US President Donald Trump's India visit and wrote about the anti-CAA violence in Delhi and the rights of Kashmiris
Author
New Delhi, First Published Feb 24, 2020, 10:28 PM IST

ദില്ലി: മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തി. 80 ലക്ഷംപേര്‍ അവകാശത്തിനായി പൊരുതുമ്പോഴും നിങ്ങള്‍ സല്‍ക്കാരത്തിന്‍റെ തിരക്കിലാണല്ലോയെന്നാണ് വിമര്‍ശനം. ദില്ലിയിലെ സംഘര്‍ഷവും കശ്മീരി ജനതയുടെ അവകാശങ്ങളും ഉയര്‍ത്തിക്കാണിച്ചാണ് ഇല്‍ത്തിജ മോദിയുടെ വിമര്‍ശനം. ദില്ലി കത്തിയെരിയുമ്പോഴും എണ്‍പത് ലക്ഷം ആളുകള്‍ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടും നില്‍ക്കുമ്പോളാണ് നമസ്തേ ട്രംപ് പോലുളള പരിപാടികള്‍ എന്നാണ് വിമര്‍ശനം.

വിദേശത്ത് നിന്നുള്ള അതിഥികള്‍ സബര്‍മതി ആശ്രമം സന്ദര്‍ശിക്കുമ്പോള്‍ മാത്രമാണ് ഗാന്ധിജിയുടെ പാരമ്പര്യം സ്മരിക്കുന്നത്. അദ്ദേഹത്തിന്‍റെ മൂല്യങ്ങള്‍ പണ്ടേ മറന്നുവെന്നും ഇല്‍ത്തിജ മുഫ്തി ട്വീറ്റ് ചെയ്തു. മെഹബൂബ മുഫ്തി തടവിലായതിന് ശേഷം ഇല്‍ത്തിജയാണ് മെഹബൂബ മുഫ്തിയുടെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്.

വടക്കു കിഴക്കന്‍ ദില്ലിയിലുണ്ടായ സംഘര്‍ഷത്തില്‍ ഇതിനോടകം മൂന്നുപേര്‍ മരിച്ചു. കല്ലേറിൽ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ ഹെഡ് കോൺസ്റ്റബിൾ രതൻലാലും രണ്ട് നാട്ടുകാരുമാണ് കൊല്ലപ്പെട്ടത്. 45 പേർക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റെന്ന് പൊലീസ് അറിയിച്ചു. ഷാഹ്ദരാ ഡിസിപിക്കും പരിക്കുണ്ട്. ഡോണൾഡ്‌ ട്രംപിന്‍റെ സന്ദർശനത്തിനിടെയാണ് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ രാജ്യ തലസ്ഥാനം  പുകയുന്നത്. നിയമത്തെ അനുകൂലിക്കുന്നവരും സമരക്കാരും മൗജ്പൂരിൽ ഏറ്റുമുട്ടുകയായിരുന്നു. നിരവധി വീടുകൾക്ക് തീയിടുകയും രണ്ട് കാറും ഓട്ടോറിക്ഷയും അഗ്‍നിക്കിരയാക്കുകയും ചെയ്‍തു. ഗോകുൽപുരി, ഭജൻപുര, ബാബർപൂർ എന്നിവിടങ്ങളിലേക്ക് പിന്നീട് സംഘർഷം വ്യാപിച്ചു. 

ഭജൻപുരയില്‍ അക്രമികളെ നേരിടാന്‍ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സുരക്ഷക്കായി 8 കമ്പനി സിആർപിഎഫിനെ വിന്യസിച്ചിട്ടുണ്ട്. സംഘർഷങ്ങൾ നിയന്ത്രണ വിധേയമെന്ന് പൊലീസ് പറയുമ്പോഴും വിവിധയിടങ്ങളിൽ അക്രമം തുടരുകയാണ്. ഡോണൾഡ് ട്രംപിന്‍റെ ഇന്ത്യ സന്ദർശനത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള  നീക്കമാണ് നടക്കുന്നതെന്ന് ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഢി പ്രതികരിച്ചു. ക്രമസമാധാനം ഉറപ്പു വരുത്താൻ ആഭ്യന്തരമന്ത്രി അമിത് ഷായോട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടു. ജനങ്ങൾ സംയമനം പാലിക്കണമെന്ന് രാഹുൾ ഗാന്ധി ആഭ്യർത്ഥിച്ചു.  

Follow Us:
Download App:
  • android
  • ios