ദില്ലി: ലോക്ക്ഡൗണ്‍ അവസാനിക്കുമ്പോഴേക്കും ഇന്ത്യയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 10000 കടക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രോഗബാധിതരുടെ എണ്ണം ഇരട്ടിയിലധികം വര്‍ധിച്ചു. കഴിഞ്ഞ വ്യാഴാഴ്ച വരെ 700 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ രണ്ടാം തീയതിയാപ്പോഴേക്കും രോഗബാധിതരുടെ എണ്ണം 2000 കടന്നു. 50 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.  നിലവില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന തോത് പഠിച്ച് ലൈവ് മിന്റാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പരിശോധന ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും രോഗനിര്‍ണയം വര്‍ധിക്കാന്‍ കാരണമാകും. 

രാജ്യത്ത് സമൂഹവ്യാപനമില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന് തീയതികളിലായി 437 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ 131 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് ബാധിതര്‍ കൂടുതല്‍. തമിഴ്‌നാട്ടില്‍ 75 പേര്‍ക്കാണ് ഒരു ദിവസം മാത്രം രോഗം സ്ഥിരീകരിച്ചത്. ലോകത്താകമാനം കൊവിഡ് 19 മരണം 50000 കടന്നു. 9.8 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.