Asianet News MalayalamAsianet News Malayalam

മാസ്‌കില്ല, പകരം ഹെല്‍മെറ്റും റെയിന്‍കോട്ടും; പോരാട്ടം ഇങ്ങനെയെന്ന് ഇന്ത്യന്‍ ഡോക്ടര്‍മാര്‍: റിപ്പോര്‍ട്ട്

എന്‍95 മാസ്‌ക് കിട്ടാനില്ല, പകരം തന്റെ മോട്ടോര്‍ ബൈക്കിന്റെ ഹെല്‍മെറ്റാണ് കൊവിഡ് ബാധിതരെ ചികിത്സിക്കുമ്‌പോള്‍ ഉപയോഗിക്കുന്നതെന്ന് ഹരിയാനയിലെ ഡോക്ടര്‍

Indian Doctors Fight Coronavirus With Raincoats, Helmets says Report
Author
Delhi, First Published Mar 31, 2020, 5:10 PM IST

ദില്ലി: കൊവിഡിനെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടുമ്‌പോഴും പലയിടത്തും ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്കടക്കം ആവശ്യമായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ലഭിക്കുന്നില്ല. മാസ്‌ക്, ഗ്ലൗസ്, കോട്ടുമടക്കമുള്ള വസ്തുക്കളുടെ ലഭ്യതക്കുറവ് രാജ്യത്ത് നിലവിലുണ്ട്. ഇത് പരിഹരിക്കാന്‍ ടചൈനയില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നും ഇവ ഇറക്കുമതി ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. 

എന്നാല്‍ കൊവിഡ് ബാധിച്ചവരെ ചികിത്സിക്കുന്ന ഒരുപറ്റം ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ മാസ്‌കോ മറ്റ് പ്രതിരോധ വസ്തുക്കളോ ലഭിക്കുന്നില്ലെന്നാണ് റോയിറ്റേഴ്‌സിന്റെ റിപ്പോര്‍ട്ട്. രാജ്യത്ത് ഇതുവരെ 1251 പേര്‍ക്കാണ് കൊവിഡ് 19 ബാധിച്ചിരിക്കുന്നത്. ഇതില്‍ 32 പേര്‍ രോഗം ബാധിച്ച് മരിച്ചു.

കൊല്‍ക്കത്തയിലെ ബെലെഘട്ട ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാക്ക് നല്‍കിയത് പ്ലാസ്റ്റികിന്റെ മഴക്കോട്ടുകളാണ്. രണ്ട് ഡോക്ടര്‍മാരെ ഉദ്ദരിച്ച് റോയിറ്റേഴ്‌സാണ് ഈ ദുരവസ്ഥ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അധികൃതരില്‍ നിന്ന് നടപടിയുണ്ടാകുമോ എന്ന് ഭയന്ന് പേരുവെളിപ്പെടുത്താന്‍ ഈ ഡോക്ടര്‍ തയ്യാറായില്ലെന്നും റോയിറ്റേഴ്‌സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

അതേസമയം ഈ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. ഹരിയാനയിലെ സന്ദീപ് ഗര്‍ഗ് എന്ന ഡോക്ടര്‍ വെളിപ്പെടുത്തുന്നതും ഞെട്ടിക്കുന്ന വിവരങ്ങളാണ്. തന്റെ മോട്ടോര്‍ ബൈക്കിന്റെ ഹെല്‍മെറ്റാണ് അദ്ദേഹം കൊവിഡ് ബാധിതരെ ചികിത്സിക്കുമ്‌പോള്‍ ഉപയോഗിക്കുന്നത്. അവര്‍ക്ക് N95 മാസ്‌ക് ലഭ്യമല്ല. 

''ഞാന്‍ ഒരു ഹെല്‍മെറ്റ് ധരിച്ചു. എന്റെ മുഖം മറയ്ക്കാന്‍ അതല്ലേ നല്ല നടപടി. '' - ഗര്‍ഗ് പറഞ്ഞു. റോയിറ്റര്‍ റിപ്പോര്‍ട്ടിനോട് ആരോഗ്യമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. 


 

Follow Us:
Download App:
  • android
  • ios