Asianet News MalayalamAsianet News Malayalam

കൊവിഡ് 19: ട്രെയിൻ ബോ​ഗികൾ ഐസോലേഷൻ വാ​ർഡുകളാക്കും; പോരാട്ടത്തിൽ പങ്കാളികളായി ഇന്ത്യൻ റെയിൽവേയും

കോവിഡ് -19 രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റാനാണ് ഇന്ത്യൻ റെയിൽവേയുടെ തീരുമാനം. 

indian railway ready to arrange isolation wards inside the train
Author
Delhi, First Published Mar 28, 2020, 2:42 PM IST


കൊൽക്കത്ത: കോവിഡിനെ തുരത്താൻ പോരാട്ടത്തിൽ പങ്കാളികളായി രം​ഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേയും. രാജ്യത്ത് കോവിഡ് -19 രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റാനാണ് ഇന്ത്യൻ റെയിൽവേയുടെ തീരുമാനം. ഐസൊലേഷൻ വാർഡുകളാക്കാൻ ​ട്രെയിൻ ബോഗികൾ വിട്ടുനൽകാമെന്നാണ്​ ദക്ഷിണ പൂർവ റെയിൽവെ (എസ്.ഇ.ആർ) അധികൃതർ അറിയിച്ചിരുന്നു​. സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ കോച്ചുകൾ എത്തിക്കു​മെന്ന്​ എസ്.ഇ.ആർ വക്താവ് സഞ്ജയ് ഘോഷ് പറഞ്ഞു. 

ബുധനാഴ്ച റെയിൽവെ മന്ത്രി പീയുഷ് ഗോയൽ റെയിൽവെ ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിലാണ് ഒഴിഞ്ഞ കോച്ചുകളും കാബിനുകളും ഐസൊലേഷൻ വാർഡുകളാക്കി മാറ്റാനുള്ള തീരുമാനം ഉണ്ടായത്. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഏപ്രിൽ 14 വരെ ട്രെയിൻ സര്‍വീസുകൾ റദ്ദാക്കിയിരിക്കുകയാണ്. ദിവസം 13,523 ട്രെയിനുകളായിരുന്നു സർവീസ് നടത്തിയിരുന്നത്.
ഞായറാഴ്ച ട്രെയിൻ സർവിസുകൾ നിലച്ചതുമുതൽ വെറുതെ കിടക്കുന്ന പാസഞ്ചർ കോച്ചുകളാണ്​ ഇതിനുപയോഗിക്കുക. ഇതിനുപുറമെ എല്ലാ റെയിൽവെ ആശുപത്രികളിലും കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഐസൊലേഷൻ വാർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും സഞ്ജയ് ഘോഷ് പറഞ്ഞു.

കൺസൾട്ടേഷൻ റൂമുകൾ, മെഡിക്കൽ സ്റ്റോർ, ഐസിയു, പാൻട്രി എന്നിവ ഉൾക്കൊള്ളുന്ന താൽക്കാലിക ആശുപത്രിയായിരിക്കും ഇതെന്ന് റെയിൽവെ ബോർഡ് ചെയർമാൻ വി. കെ യാദവ് പറഞ്ഞു. നോൺ എസി കോച്ചുകളാണ് ഐസൊലേഷൻ വാർഡുകളാക്കുന്നത്. ആറ് ബെർത്തുകൾ വീതമുള്ള പത്ത് കാബിനുകളാണ് ലഭ്യമായിട്ടുള്ളത്. ഓരോ കാബിനുകളിലും നാല് ടോയ് ലെറ്റുകൾ ഉണ്ടാകും. ഇതിൽ മൂന്നെണ്ണം ഇന്ത്യനും ഒരെണ്ണം പാശ്ചാത്യ രീതിയിലുള്ളതുമായിരിക്കും. ടോയ് ലെറ്റുകൾ, ബാത്ത്റൂമുകൾ എന്നീ സംവിധാനങ്ങളും ഒരുക്കും. ഡോക്ടർമാരുടെയും നഴ്സ്മാരുടെയും കാബിനുകളും സജ്ജമാക്കും. 


 

Follow Us:
Download App:
  • android
  • ios