ദില്ലി: കൊവിഡിന്‍റെ വ്യാപനം തടയാനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അതിര്‍ത്തികള്‍ അടയ്ക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കി. ഹൈവേകളില്‍ ജനസഞ്ചാരം അനുവദിക്കരുതെന്നും ആഭ്യന്തര മന്ത്രലായം നിര്‍ദേശിച്ചു. അതേസമയം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൊവിഡ് വൈറസിന്‍റെ വ്യാപന മേഖലകൾ കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു . കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആറുപേര്‍ മരിക്കുകയും പുതിയ 106 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

ആശുപത്രികളിൽ പ്രത്യേക ബ്ലോക്കുകളിൽ കൊവിഡ് ബാധിതരെ പാർപ്പിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് ആശുപത്രികൾ ത്വരിതഗതിയിൽ യാഥാർത്ഥ്യമാക്കും.17 സംസ്ഥാനങ്ങൾ നടപടികൾ തുടങ്ങി കഴിഞ്ഞതായി ഇന്നലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.