ഹൈദരാബാദ്: കൊവിഡ് 19 വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിത്തം അറിയിക്കുകയാണ് ഹൈദരാബാദ് സെൻട്രൽ ജയിൽ അന്തേവാസികൾ. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ചേർലപ്പള്ളി ജയിലിലെ 250 അന്തേവാസികൾ ചേർന്ന് കൊറോണ വൈറസ് വ്യാപനം തടയാനുപയോ​ഗിക്കുന്ന അവശ്യവസ്തുക്കളുടെ നിർമ്മാണത്തിലാണ്. സാനിട്ടൈസർ, ഫേസ് മാസ്ക്, സോപ്പുകൾ എന്നിവയാണ് ഇവർ നിർമ്മിക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോ​ഗിക്കുന്നത് ഈ വസ്തുക്കളാണ്. 

രണ്ട് ഷിഫ്റ്റുകളായിട്ടാണ് തടവുകാർ ജോലി ചെയ്യുന്നത്. രാവിലെ 9 മുതൽ വൈകിട്ട് 9 വരെയാണ് സമയം.  ഏകദേശം പതിനായിരം ബോട്ടിൽ ഹാൻഡ് സാനിട്ടൈസറുകളാണ് ഇവർ നിർമ്മിച്ചത്. കൂടാതെ മാസ്കുകളും ഹാൻഡ് വാഷുകളും സാനിട്ടൈസ് ചെയ്യുന്ന വസ്തുക്കളുമുണ്ട്. ജയിൽ സൂപ്രണ്ട് എം സമ്പത്ത് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ജയിൽ കെട്ടിടത്തിനുള്ളിൽ ഒരു കെമിക്കൽ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. അന്തേവാസികൾക്ക് ഇത്തരം വസ്തുക്കൾ നിർമ്മിക്കുന്നതിനാവശ്യമായ പരിശീലനവും നൽകി വരുന്നുണ്ട്. എല്ലാവർഷവും മൈ നേഷൻ എന്ന ബ്രാൻഡ് നെയിമിൽ ഇവിടെ നിർമ്മിക്കുന്ന വസ്തുക്കൾ വിറ്റഴിക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഹാൻഡ് സാനിട്ടൈസറുകൾക്ക് ആവശ്യക്കാരേറെയാണ്. ഏറ്റവും മികച്ച ഉത്പന്നങ്ങൾ നിർമ്മിക്കാനുളള അവസരമാണെന്ന് ഞങ്ങൾ കരുതുന്നു. സമ്പത്ത് കൂട്ടിച്ചേർത്തു. 

സർക്കാർ വകുപ്പുകളിൽ നിന്ന് ധാരാളം ഓർഡറുകൾ എത്തുന്നുണ്ട്. ആന്റി കൊറോണ വൈറസ് കിറ്റുകളും ഇവിടെ നിന്ന് പുറത്തിറക്കുന്നുണ്ട്. 320 മില്ലി വീതമുള്ള രണ്ട് ബോട്ടിൽ സാനിട്ടൈസർ, രണ്ട് ബോട്ടിൽ ഹാൻഡ് വാഷ്, 12 ഫേസ് മാസ്ക്, മൂന്ന് സോപ്പ്, രണ്ട് ബോട്ടിൽ സാനിട്ടറി ക്ലീനർ എന്നിവയാണ് ഈ കിറ്റിലുള്ളത്. പുറത്തെ വിപണിയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറഞ്ഞ വിലയിലാണ് ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതെന്നും ​​ഗുണനിലവാരം വളരെ മെച്ചമാണെന്നും സൂപ്രണ്ട് എം സമ്പത്ത് വ്യക്തമാക്കി.