Asianet News MalayalamAsianet News Malayalam

മധ്യപ്രദേശ് കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക്; സ്വന്തം സര്‍ക്കാരിനെതിരെ സമരം ചെയ്യുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ

കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനം പാലിക്കാന്‍ കമല്‍നാഥ് തയ്യാറായിട്ടില്ലെന്നാണ് സിന്ധ്യ ചൂണ്ടികാണിക്കുന്ന പ്രധാനവിഷയം

kamal nath Jyotiraditya Scindia fight troubles mp government
Author
Bhopal, First Published Feb 17, 2020, 10:04 AM IST

ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാരിന് വെല്ലുവിളിയായി കോണ്‍ഗ്രസിനുള്ളിലെ കലാപം. മുഖ്യമന്ത്രി കമല്‍നാഥും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജ്യോതിരാധിത്യ സിന്ധ്യയും തമ്മിലുള്ള പോര് എല്ലാ സീമകളും ലംഘിക്കുകയാണ്. അധികാരമേറ്റ നാള്‍ മുതല്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കുന്ന ജ്യോതിരാധിത്യ സിന്ധ്യ ഇപ്പോള്‍ കടുത്ത വെല്ലുവിളികളാണ് നടത്തുന്നത്. സ്വന്തം സര്‍ക്കാരിനെതിരെ സമരം തുടങ്ങാന്‍ മടിക്കില്ലെന്ന വെല്ലുവിളിയുമായി സിന്ധ്യ രംഗത്തെത്തിക്കഴിഞ്ഞു.

സിന്ധ്യ നിലപാട് കടുപ്പിച്ചതോടെ സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങിമറിയുകയാണ്. കര്‍ഷകരെ തെരുവില്‍ അണിനിരത്തുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ജ്യോതിരാധിത്യയുടെ സര്‍ക്കാരിനെതിരെ സമരം തുടങ്ങുമെന്ന പ്രസ്താവന പാര്‍ട്ടി കേന്ദ്രങ്ങളെ ഞെട്ടിക്കുന്നതാണ്. കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ സർക്കാരിനെതിരെ സമരം തുടങ്ങുമെന്നാണ് സിന്ധ്യ വ്യക്തമാക്കിയിരിക്കുന്നത്.

സിന്ധ്യയുടെ വെല്ലുവിളികളോട് ആദ്യം മുതലേ മുഖംതിരിച്ചുനില്‍ക്കുന്ന മുഖ്യമന്ത്രി കമല്‍നാഥ് നിലപാട് മയപ്പെടുത്തുമോയെന്നാണ് ഇനിയറിയാനുള്ളത്. സിന്ധ്യ വെല്ലുവിളിക്കാതെ ചെയ്തു കാണിക്കട്ടെ എന്നാണ് കഴിഞ്ഞ ദിവസം കമല്‍നാഥ് പറഞ്ഞത്. സിന്ധ്യയുടെ പുതിയ വെല്ലുവിളിയോടെ കമല്‍നാഥ് പ്രതികരിച്ചിട്ടില്ല.

കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനം പാലിക്കാന്‍ കമല്‍നാഥ് തയ്യാറായിട്ടില്ലെന്നാണ് സിന്ധ്യ ചൂണ്ടികാണിക്കുന്ന പ്രധാനവിഷയം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് കഴിയുന്നില്ലെന്നും സിന്ധ്യ വിമര്‍ശിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios