Asianet News MalayalamAsianet News Malayalam

കശ്മീരിലെ ഇന്റര്‍നെറ്റ് വിലക്കും നിരോധനാജ്ഞയും പുനപരിശോധിക്കണമെന്ന് സുപ്രീം കോടതി

സര്‍ക്കാര്‍ വെബ്സൈറ്റുകളും ഇ-ബാങ്കിങ് സേവനങ്ങളും ലഭ്യമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇത് നിശ്ചിത ഇടവേളയിൽ പുനപരിശോധിക്കണമെന്നും കോടതി പറഞ്ഞു

Kashmir Lockdown Judgment: Live-Updates Supreme Court
Author
Supreme Court of India, First Published Jan 10, 2020, 10:57 AM IST

ദില്ലി: ജമ്മു കശ്മീരിൽ സുരക്ഷയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് വിലക്കും നിരോധനാജ്ഞയും പുനപരിശോധിക്കണമെന്ന് സുപ്രീം കോടതി. ഓരോ ഏഴ് ദിവസവും നിയന്ത്രണ തീരുമാനങ്ങൾ പുനപരിശോധിക‌കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഇന്റര്‍നെറ്റ് സേവനം ആവിഷ്കാര സ്വാതന്ത്ര്യത്തിനായുള്ള ഭരണഘടനാ അവകാശത്തിന്റെ ഭാഗമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

സര്‍ക്കാര്‍ വെബ്സൈറ്റുകളും ഇ-ബാങ്കിങ് സേവനങ്ങളും ലഭ്യമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇത് നിശ്ചിത ഇടവേളയിൽ പുനപരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം ജമ്മു കശ്മീരിൽ കൊണ്ടുവന്ന കടുത്ത നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത ഹര്‍ജികളിൽ വിധി പറയുകയായിരുന്നു സുപ്രീം കോടതി.

ഇന്റര്‍നെറ്റിനുള്ള സ്വാതന്ത്ര്യം മൗലികാവകാശം. അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന ഭരണഘടനയുടെ അനുച്ഛേദം 19(1)(a)യിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 19(1)(g)യിൽ ഇന്റര്‍നെറ്റ് വഴിയുള്ള വ്യാപാരവും വിപണനവും മൗലികാവകാശമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ അനിശ്ചിതകാലത്തേക്ക് നിയന്ത്രണങ്ങൾ നീട്ടിക്കൊണ്ടുപോകാൻ സാധിക്കില്ലെന്നും ഇത് ടെലികോം നിയമങ്ങളുടെ ലംഘനമാണെന്നും സുപ്രീം കോടതി പറഞ്ഞു.

കോടതി വിധിയിലെ പ്രധാന ഭാഗങ്ങൾ

  • ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം പൗരന്റെ മൗലികമായ അവകാശം
  • അനിശ്ചിതകാല ഇന്റര്‍നെറ്റ് വിലക്ക് ടെലികോം നിയമങ്ങളുടെ ലംഘനം
  • കശ്മീരിലെ ഇന്റര്‍നെറ്റ് വിലക്കും നിരോധനാജ്ഞയും ഉടൻ പുനപരിശോധിക്കണം
  • 'ഓരോ 7 ദിവസവും നിയന്ത്രണ തീരുമാനങ്ങൾ പുനഃപരിശോധിക്കണം'
  • 'എതിരഭിപ്രായങ്ങൾ അടിച്ചമർത്താനുള്ള ഉപകരണമല്ല സെക്ഷൻ 144'
  • കശ്മീരിൽ നിരോധനാജ്ഞക്കുള്ള കാരണങ്ങൾ രേഖാമൂലം അറിയിക്കണമെന്ന് കേന്ദ്രത്തോട് കോടതി

 

കേസിൽ രാഷ്ട്രീയ സാഹചര്യം നോക്കിയല്ല വിധി പറയുന്നതെന്നും കോടതി വിശദീകരിച്ചു. ഇന്റർനെറ്റ് സേവനങ്ങൾക്ക‌ടക്കം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ പുനപരിശോധിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. പൗരന്റെ സുരക്ഷയും അവകാശങ്ങളും ഉറപ്പുവരുത്തുകയാണ് കോടതിയുടെ ലക്ഷ്യമെന്നും ജസ്റ്റിസ് രമണ വിധിന്യായത്തിൽ പറഞ്ഞു. അഞ്ച് കാര്യങ്ങളാണ് സുപ്രീം കോടതി പരിശോധിച്ചത്.

കശ്മീര്‍ നിരവധി അക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ചുവെന്നും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ഉറപ്പുവരുത്താൻ കോടതി പരമാവധി ശ്രമിക്കുമെന്നും ജസ്റ്റിസ് എൻവി രമണ വിധിന്യായത്തിൽ വിശദീകരിച്ചു. 

Follow Us:
Download App:
  • android
  • ios