ലക്നൗ: കൊറോണ എന്ന് കേട്ടാൽ കൊറോണ വൈറസ് എന്നേ എല്ലാവർക്കും മനസ്സിലാകൂ. എന്നാൽ ഓരോ ദിവസവും ഭീതിയും ആശങ്കയും വിതച്ച് വ്യാപിച്ചു കൊണ്ടിരിക്കുന്ന വൈറസിന്റെ അതേ പേരുള്ള ഒരു ​ഗ്രാമമുണ്ട്, ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലെ കൗറോണ. . ഇം​ഗ്ലീഷിൽ എഴുതുമ്പോൾ സ്പെല്ലിം​ഗ് വ്യത്യാസമുണ്ടെങ്കിലും ​വൈറസിനെയും ​ഗ്രാമത്തെയും ഉച്ചരിക്കുന്നത് ഒരേ പോലെ. കൊറോണ വൈറസ് ലോകമെങ്ങും വ്യാപിക്കുകയും ഇന്ത്യയിലും ഭീഷണിയാകുകയും ചെയ്ത സാഹചര്യത്തിൽ വെട്ടിലായിരിക്കുന്നത് ഈ ​ഗ്രാമവാസികളാണ്. ​ഗ്രാമത്തിന് കൗറോണ എന്ന് പേരായതിൽ തങ്ങൾ വിവേചനം നേരിടുന്നു എന്നാണ് ഇവരുടെ പരാതി. 

'​ഗ്രാമവാസികളാരും പുറത്തു വരാൻ  ആ​ഗ്രഹിക്കുന്നില്ല. എല്ലാവരും ഭയപ്പെട്ടിരിക്കുകയാണ്. ‍ഞങ്ങൾ കൗറോണയിൽ നിന്നാണ് എന്ന് പറഞ്ഞാൽ അപ്പോൾ തന്നെ മറ്റുള്ളവർ ഒഴിവാക്കി നിർത്തും. അതൊരു ​ഗ്രാമത്തിന്റെ പേരാണെന്നും വൈറസ് ബാധയുള്ള ഒരാളല്ലെന്നും മനസ്സിലാകാത്തവരുണ്ട്.' ​ഗ്രാമവാസികളിലൊരാളായ രാജൻ പറഞ്ഞു. ഫോണിൽ സംസാരിക്കാൻ പോലും ചിലർ മടി കാണിക്കുന്നതായി രാജൻ കൂട്ടിച്ചേർത്തു. 

'റോഡിലിറങ്ങിയാൽ എവിടെ പോകുന്നു എന്ന് പൊലീസ് ചോദിക്കും. കൗറോണയിലേക്കാണെന്ന് പറഞ്ഞാൽ അപ്പോൾ സംശയദൃഷ്ടിയോടെ ഞങ്ങളെ നോക്കും. ഞങ്ങളുെട ​ഗ്രാമത്തിന്റെ പേര് അങ്ങനെയായി പോയതിന് ഞങ്ങൾക്ക് എന്തുചെയ്യാൻ സാധിക്കും?' പ്രദേശവാസിയായ സുനിൽ ചോദിക്കുന്നു. 'ഫോൺ ചെയ്യുന്ന സമയത്ത് കൗറോണയിൽ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞാൽ ആരെങ്കിലും തമാശ കാണിക്കുന്നതാണെന്ന് വിചാരിച്ച് അവർ കോൾ കട്ട് ചെയ്യും.' ​റാംജി ദീക്ഷിത് എന്നയാളുടെ വാക്കുകൾ. കൊറോണ വൈറസ് വ്യാപനത്തിന് തടയിടാൻ 21 ദിവസത്തെ ലോക്ക് ഡൗണിലാണ് ഇന്ത്യ. ഇതുവരെ ആയിരത്തോളം പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായിട്ടാണ് റിപ്പോർട്ട്.