Asianet News MalayalamAsianet News Malayalam

'വരൾച്ചയെ നേരിടാൻ കാര്യക്ഷമമായി ഒന്നും ചെയ്തില്ല': വിമർശനവുമായി മദ്രാസ് ഹൈക്കോടതി

വരള്‍ച്ച നേരിടാന്‍ തമിഴ്നാട് സര്‍ക്കാര്‍ കാര്യക്ഷമമായി ഒന്നും ചെയ്തില്ലെന്നും ജല സംരക്ഷണത്തിന് മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തത് വീഴ്ചയായെന്നും കോടതി വിലയിരുത്തി

madras high court criticizes  tamilnadu government on drought
Author
Chennai, First Published Jun 18, 2019, 5:13 PM IST

ചെന്നൈ: തമിഴ്നാട് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. വരള്‍ച്ച നേരിടാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഒന്നും ചെയ്തില്ലെന്നും ജല സംരക്ഷണത്തിന് മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തത് വീഴ്ചയായെന്നും കോടതി വിലയിരുത്തി. ജലക്ഷാമം നേരിടാന്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേ സമയം കടുത്ത വരള്‍ച്ച തുടരുന്ന തമിഴ്നാട്ടില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണം അറിയിച്ചു. ജലക്ഷാമം രൂക്ഷമായതിനാല്‍ ചെന്നൈയിലെ നിരവധി ഹോട്ടലുകളും ഐടി കമ്പനികളും പൂട്ടിയെന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി. 

കുടിവെള്ള ക്ഷാമം നേരിടാന്‍ മേഖലകള്‍ തിരിച്ച് ജലവിതരണം കാര്യക്ഷമമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ജലക്ഷാമം സംബന്ധിച്ച് തെറ്റായ റിപ്പോര്‍ട്ടുകള്‍ പരക്കുന്നുണ്ട്. ഐടി ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി  ചെയ്യാന്‍ നിര്‍ദേശിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണ്, മന്ത്രി എസ്പിവേലുമണി പറഞ്ഞു. 

സ്വകാര്യ ടാങ്കറുകള്‍ അമിത വില ഈടാക്കുന്നത് നിയന്ത്രിക്കാന്‍ പ്രത്യേക സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. മേഖലകള്‍ തിരിച്ച് ജലവിതരണം ഉറപ്പ് വരുത്തുന്നുണ്ട്. ഒരാഴ്ച്ചയ്ക്കുള്ളിൽ  കിഴക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ചെന്നൈയിലേക്ക് എത്തുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനത്തിലാണ് എല്ലാവരുടേയും പ്രതീക്ഷ. 

തൊഴില്‍ നഷ്ടപ്പെട്ട് നിരവധി പേര്‍ ചെന്നൈയില്‍ നിന്ന് മടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ തമിഴ്നാട് സര്‍ക്കാര്‍ തള്ളി. അതേസമയം അടുത്ത രണ്ട് ദിവസങ്ങളില്‍ ചെന്നൈയില്‍ താപനില ആറ് ഡിഗ്രി സെല്‍ഷ്യസ് ഉയരുമെന്നാണ് പ്രവചനം. വടക്കന്‍ തമിഴ്നാട്ടില്‍ ഉഷ്ണക്കാറ്റിനും സാധ്യതയുണ്ട്. രാവിലെ 11 മുതല്‍ വൈകിട്ട് നാല് വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും പൊതുജനങ്ങൾ അമിതതാപത്തിനെതിരെ ജാഗ്രത പുലർത്തണമെന്നും സർക്കാർ നിർദേശിച്ചു. 

Follow Us:
Download App:
  • android
  • ios