മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന - എന്‍സിപി - കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ദേശീയ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റത്തിനിടയാക്കുകയാണ് മഹാരാഷ്ട്രയിലെ മഹാസഖ്യം. അടിസ്ഥാന നിലപാടിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നെങ്കിലും മുംബൈയിൽ അധികാരം പങ്കിടാനായത് കോൺഗ്രസിന് ആശ്വാസമാണ്. ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനും ബദൽ സർക്കാർ തടസ്സമാകും.

Read More: ഉദ്ധവ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും; എന്‍സിപിക്കും കോണ്‍ഗ്രസിനും ഉപമുഖ്യമന്ത്രി? ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

ഇന്ത്യൻ ഭരണഘടന മുറുകെ പിടിക്കും. ഇക്കാര്യം വ്യക്തമാക്കിയുള്ള പൊതു മിനിമം പരിപാടി അംഗീകരിച്ചാണ് മഹാരാഷ്ട്രയിൽ വിശാലസഖ്യ സർക്കാർ. മുംബൈ കലാപത്തിന്‍റെയും ഇതരസംസ്ഥാനക്കാർക്കെതിരെയുള്ള അക്രമത്തിന്‍റെയും ചരിത്രവുമായി നിൽക്കുന്ന ശിവസേനയുമായി കൂട്ട് വേണ്ട എന്നായിരുന്നു സോണിയ ഗാന്ധിയുടെ ആദ്യ തീരുമാനം. എന്നാൽ എംഎൽഎമാർ കൂറുമാറിയേക്കുമെന്ന ഭയവും ശരത് പവാറിന്‍റെ സമ്മർദ്ദവും കോൺഗ്രസ് നിലപാട് മാറ്റി. 

ഇടതുപക്ഷ ട്രേഡ് യൂണിയനുകൾക്കെതിരെ ഇന്ദിര ഗാന്ധി ശിവസേനയെ ഉപയോഗിച്ചത് ചൂണ്ടിക്കാട്ടിയാണ് ചില കോൺഗ്രസ് നേതാക്കൾ സഖ്യത്തിനായി വാദിച്ചത്. ഉത്തർപ്രദേശ് കഴിഞ്ഞാൽ ലോക്സഭയിലേക്ക് കൂടുതൽ അംഗങ്ങളെ അയയ്ക്കുന്ന സംസ്ഥാനത്താണ് അസാധാരണ സഖ്യത്തിലൂടെ ബിജെപി വിരുദ്ധ സർക്കാർ അധികാരത്തിൽ വരുന്നത്. അമിത് ഷായുമായി മാത്രമേ ചർച്ച ചെയ്യൂ എന്ന് പ്രഖ്യാപിച്ച ശിവസേനയെ ജൂനിയർ നേതാക്കളെ അയച്ച് ബിജെപി അപമാനിക്കാൻ ശ്രമിച്ചെന്നാണ് ഉദ്ധവിന്‍റെ പരാതി. ശിവസേനയുടെ ഇടം മെല്ലെ കവർന്ന ബിജെപിയോട് പിടിച്ചു നില്ക്കാൻ ഈ അധികാരം സഹായിക്കുമെന്നും ഉദ്ധവ് വിലിയിരുത്തുന്നു. 

എൻഫോഴ്സ്മെന്‍റ് നോട്ടീസ് നൽകി സമ്മർദ്ദം ചെലുത്തിയ ബിജെപിക്ക് ശരത് പവാർ തന്‍റെ രാഷ്ട്രീയ ശക്തി എന്തെന്ന സന്ദേശം നൽകിയിരിക്കുകയാണ്. ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള ബിജെപി നീക്കത്തെ മഹാരാഷ്ട സർക്കാരിനെ ഉപയോഗിച്ച് കോൺഗ്രസിന് പ്രതിരോധിക്കാം. മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രയിൻ ഉൾപ്പടെയുള്ള ബിജെപി പദ്ധതികളും അനിശ്ചിതത്ത്വത്തിലായി. ബീഹാറിൽ നിതീഷ് കുമാറിൻറെ അടുത്ത നീക്കം എന്തെന്ന് ഇനി ബിജെപിക്ക് നിരീക്ഷിക്കേണ്ടി വരും.