Asianet News MalayalamAsianet News Malayalam

പബ്ജി കളിയില്‍ മുഴുകി വെള്ളമാണെന്ന് കരുതി രാസലായനി കുടിച്ചു; യുവാവിന് ദാരുണാന്ത്യം

പബ്ജിയിൽ ശ്രദ്ധിച്ചിരുന്നത് മൂലം കുപ്പിയിൽ എന്തായിരുന്നുവെന്ന് പരിശോധിക്കാതെ കുടിക്കുകയായിരുന്നു എന്ന് റെയിൽവേ പോലീസ് ഉദ്യോ​ഗസ്ഥനായ വിജയ് സിം​ഗ് വിശദമാക്കുന്നു.
 

man died drinking chemical instead of water while playing pubg
Author
Delhi, First Published Dec 12, 2019, 12:16 PM IST

ദില്ലി: മൊബൈലിൽ പബ്ജി കളിച്ചുകൊണ്ടിരുന്ന യുവാവ് വെള്ളമാണെന്ന് കരുതി എടുത്തുകുടിച്ചത് സ്വർണ്ണം മിനുക്കാൻ ഉപയോ​ഗിക്കുന്ന കെമിക്കൽ ലായനി. ട്രെയിനിൽ യാത്ര ചെയ്തുകൊണ്ടിരുന്ന സൗരഭ് യാദവ് എന്ന ഇരുപതുകാരനാണ് ഇത്തരത്തിൽ ദാരുണാന്ത്യം സംഭവിച്ചത്. സ്വർണ്ണവ്യാപാരിയായ സന്തോഷ് ശർമ്മ എന്ന സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്നു സൗരഭ്. വ്യാപാരാവശ്യങ്ങൾക്കായി സന്തോഷ് ആ​ഗ്രയിലേക്ക് പോകുകയായിരുന്നു. ഇരുവർക്കും ഒറ്റ ബാ​ഗേ ഉണ്ടായിരുന്നുള്ളൂ. സ്വർണ്ണം മിനുക്കാനുപയോ​ഗിക്കുന്ന ലായനിയും കുടിവെളളവും ഒരേ ബാ​ഗിലാണ് സൂക്ഷിച്ചിരുന്നത്. 

യാത്ര തുടങ്ങിയപ്പോൾ മുതൽ സൗരഭ് മൊബൈലിൽ ഓൺലൈൻ ​ഗെയിമായ പബ്ജി കളിക്കുകയായിരുന്നുവെന്ന് സന്തോഷ് സാക്ഷ്യപ്പെടുത്തുന്നു. വെള്ളം കുടിക്കാൻ വേണ്ടി  കുടിവെള്ളത്തിന്റെ കുപ്പിയ്ക്ക് പകരം എടുത്തത് രാസലായനിയാണ്. പബ്ജിയിൽ ശ്രദ്ധിച്ചിരുന്നത് മൂലം കുപ്പിയിൽ എന്തായിരുന്നുവെന്ന് പരിശോധിക്കാതെ കുടിക്കുകയായിരുന്നു എന്ന് റെയിൽവേ പോലീസ് ഉദ്യോ​ഗസ്ഥനായ വിജയ് സിം​ഗ് വിശദമാക്കുന്നു.

രാസലായനി ഉള്ളിൽ ചെന്നതിനെ തുടർന്ന് സൗരഭിന്റെ ആരോ​ഗ്യം വളരെപെട്ടെന്ന് വഷളായി. കുറച്ച് സമയത്തിന് ശേഷം സൗരഭ് കുഴഞ്ഞുവീഴുകയും ചെയ്തു. അടുത്ത റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേയ്ക്കും സൗരഭ് മരിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നും വിജയ് സിം​ഗ് കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios