Asianet News MalayalamAsianet News Malayalam

'അതിക്രമം മറയ്ക്കാൻ നിരപരാധികളെ പ്രതി ആക്കുന്നോ?', മംഗളുരു വെടിവെപ്പിൽ ഹൈക്കോടതി

മംഗളുരുവിൽ സിഎഎ വിരുദ്ധപ്രക്ഷോഭത്തിനിടെ കലാപം അഴിച്ചുവിട്ടുവെന്നും, പൊതുമുതൽ നശിപ്പിച്ചുവെന്നും ആരോപിച്ച് അറസ്റ്റ് ചെയ്ത 21 പേർക്ക് ഹൈക്കോടതി ജാമ്യം നൽകി. പൊലീസിന്‍റെ വീഴ്ച മറയ്ക്കാൻ നിരപരാധികളെ അറസ്റ്റ് ചെയ്യുകയല്ല വേണ്ടതെന്ന് ഹൈക്കോടതി.

mangaluru firing karnataka high court criticizing police granted bail to all arrested
Author
Bengaluru, First Published Feb 19, 2020, 2:58 PM IST

ബംഗളുരു: മംഗളുരുവിൽ പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രതിഷേധത്തിനിടെ വെടിവെപ്പുണ്ടായതിൽ കർണാടക പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് തുറന്നടിച്ച് കർണാടക ഹൈക്കോടതി. പൊലീസിന്‍റെ അതിക്രമം മറയ്ക്കാൻ നിരപരാധികളെ കുടുക്കുകയാണോ വേണ്ടതെന്ന രൂക്ഷവിമർശനവും കോടതി ഉയർത്തി. സിഎഎ വിരുദ്ധപ്രക്ഷോഭത്തിനിടെ കലാപം അഴിച്ചുവിട്ടുവെന്നും, പൊതുമുതൽ നശിപ്പിച്ചുവെന്നും ആരോപിച്ച് മംഗളുരു പൊലീസ് അറസ്റ്റ് ചെയ്ത മുഴുവൻ പേർക്കും ഹൈക്കോടതി ജാമ്യം നൽകി.

ഡിസംബർ 19-നാണ് മംഗളുരുവിൽ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ ആൾക്കൂട്ടത്തിന് നേരെ പൊലീസ് വെടിവയ്ക്കുന്നത്. പൊലീസ് വെടിവെപ്പിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഒരാൾ വെടിയേറ്റ് ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. ഇതിന് ശേഷം, മേഖലയിൽ മുഴുവൻ കർഫ്യൂ ഏർപ്പെടുത്തിയ മംഗളുരു പൊലീസ്, സ്ഥലത്തെ മൊബൈൽ ഇന്‍റർനെറ്റ് സേവനം പൂർണമായും 48 മണിക്കൂർ നേരത്തേക്ക് റദ്ദാക്കുകയും ചെയ്തിരുന്നു. പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട രണ്ട് പേരുടെയും കുടുംബങ്ങളുമായി സംസാരിക്കാൻ ശ്രമിച്ചതിന് കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകരെ പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയതാണ്.

Read more at: മംഗളുരുവില്‍ കേരളത്തില്‍ നിന്നെത്തിയ മാധ്യമ പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്തു

''അറസ്റ്റിലായവർക്കെതിരെ വ്യാജ തെളിവുകൾ കെട്ടിച്ചമയ്ക്കാൻ മനഃപൂർവം ശ്രമമുണ്ടായി എന്നതിന് രേഖകളുണ്ട്. ഇതിലൂടെ ഈ നിരപരാധികളുടെ സ്വാതന്ത്ര്യമാണ് നിങ്ങൾ ഇല്ലാതാക്കിയത്'', ജാമ്യ ഉത്തരവിൽ ഹൈക്കോടതി കടുത്ത ഭാഷയിലാണ് മംഗളുരു പൊലീസിനെ വിമർശിക്കുന്നത്. ''അറസ്റ്റിലായവർക്ക് എതിരെ മുമ്പും ക്രിമിനൽ കേസുകളുണ്ടായിരുന്നോ എന്നതല്ല, ഇപ്പോൾ ഇവിടെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങളിൽ അറസ്റ്റിലായവർക്ക് പങ്കുണ്ടോ എന്നതിന് കൃത്യമായ, നേരിട്ടുള്ള ഒരു തെളിവും ഇവിടെ ഹാജരാക്കപ്പെട്ടിട്ടില്ല. ഈ അന്വേഷണം ദുരുദ്ദേശപരവും നിഷ്പക്ഷമല്ലാത്തതുമാണ്'', എന്ന് ഹൈക്കോടതി ആഞ്ഞടിക്കുന്നു.

രണ്ട് പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടതടക്കമുള്ള കുറ്റങ്ങൾ ഈ അറസ്റ്റിലായ 21 പേർക്കുമെതിരെ ചുമത്തിയതിൽത്തന്നെ കുറ്റം ഇവരുടെ മേൽ കെട്ടിവയ്ക്കാനുള്ള പൊലീസിന്‍റെ അമിതതാത്പര്യം വ്യക്തമാണെന്ന് കോടതി നിരീക്ഷിക്കുന്നു. ''നിരവധിപ്പേർ തടിച്ച് കൂടിയ കലാപസമാനമായ ഒരു അന്തരീക്ഷം. അവിടെ ചില കുറ്റങ്ങൾ ചുമത്തി ചിലരെ മാത്രം അറസ്റ്റ് ചെയ്തെങ്കിൽ അവരിൽ ഓരോരുത്തർക്കും എതിരെ ചുമത്തപ്പെട്ട കുറ്റങ്ങളെന്തെന്ന് കൃത്യമായി വ്യക്തമാക്കാനുള്ള ചുമതല പൊലീസിനുണ്ട്. ഇവിടെ അങ്ങനെയൊന്നുണ്ടായിട്ടില്ല. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നും, മുസ്ലിം സമുദായത്തിലുള്ളവരാണ് എന്നതുകൊണ്ടും മാത്രമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്'', കോടതി കുറ്റപ്പെടുത്തുന്നു. 

തെളിവായി പൊലീസ് നൽകിയ ഫോട്ടോകളും സിസിടിവി ഫൂട്ടേജുകളും കോടതി പരിശോധിച്ചു. ഇതിലെവിടെയും ഒരു തോക്കുമായി ആരും നിൽക്കുന്നത് കണ്ടില്ലെന്ന് കോടതി പറയുന്നു. കയ്യിലൊരു കുപ്പിയുമായി ഒരാൾ നിൽക്കുന്നത് മാത്രമാണ് ഫോട്ടോയിൽ ഉള്ളത്. എന്നാൽ അറസ്റ്റിലായവർക്ക് വേണ്ടി അഭിഭാഷകർ സമർപ്പിച്ച ഫോട്ടോകളിൽ, പൊലീസ് തന്നെ ആൾക്കൂട്ടത്തിന് നേരെ കല്ലെറിയുന്നത് കാണാം- കോടതി പറഞ്ഞു.

കലാപം അഴിച്ചുവിടൽ, നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മംഗളുരു പൊലീസ് 21 പേരെ അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ രണ്ട് മാസത്തോളമായി ഇവർ ജയിലിലാണ്. 

ഉഡുപ്പി, ദക്ഷിണ കന്നഡ എന്നീ മേഖലകളിൽ നിന്നുള്ളവരാണ് അറസ്റ്റിലായവരെല്ലാം. ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ചുള്ള ഉത്തരവിൽ ജസ്റ്റിസ് ജോൺ മൈക്കൽ കുൻഹയാണ് പൊലീസിനെ കടുത്ത പ്രതിരോധത്തിലാക്കുന്ന ഈ പരാമർശങ്ങൾ നടത്തുന്നത്. 

സോപാധിക ജാമ്യമാണ് അറസ്റ്റിലായവർക്ക് കോടതി നൽകിയിരിക്കുന്നത്. ഓരോരുത്തരും ഒരു ലക്ഷം രൂപ ബോണ്ടും, രണ്ട് ഷുവർട്ടിയും ഹാജരാക്കണം. എപ്പോൾ, വിളിച്ചാലും വിചാരണയ്ക്ക് ഹാജരാകണം, സാക്ഷികളെ ഭീഷണിപ്പെടുത്തരുത്, ഇനി മേലാൽ ഇത്തരം സംഭവങ്ങളിൽ പങ്കാളികളാകരുത്, വിചാരണക്കോടതിയുടെ പരിധി വിട്ട് പോകരുത് എന്നിവയാണ് ജാമ്യ ഉപാധികൾ.
 

Follow Us:
Download App:
  • android
  • ios