Asianet News MalayalamAsianet News Malayalam

ജസ്റ്റിസ് മുരളീധറിന്‍റെ സ്ഥലം മാറ്റം; അധികാരത്തില്‍ മത്ത് പിടിച്ച സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമെന്ന് മനീഷ് തിവാരി

ജസ്റ്റിസനെതിരായ നടപടി അപ്രതീക്ഷിതമൊന്നും അല്ലെന്നാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. സ്ഥലം മാറ്റ ഉത്തരവിറങ്ങിയതിൽ ഞെട്ടലല്ല മറിച്ച് നാണക്കേടാണ് തോന്നുന്നതെന്നും പ്രിയങ്ക പ്രതികരിച്ചു. 

manish tewari says arrogance of government for  justice muralidhar transfer
Author
Delhi, First Published Feb 27, 2020, 10:22 AM IST

ദില്ലി: ബിജെപി നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന് നിര്‍ദ്ദേശിച്ച ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലം മാറ്റിയതിൽ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. വ്യക്തമായ കാരണം പറയാതെയാണ് ജസ്റ്റിസിനെ മാറ്റിയതെന്നും അധികാരത്തില്‍ മത്ത് പിടിച്ച സര്‍ക്കാറിന്റെ ധാര്‍ഷ്ട്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മനീഷ് തിവാരി പറഞ്ഞു.

നീതിക്കും നിയമത്തിനും ഉയര്‍ന്ന സ്ഥാനം നല്‍കുന്ന ഇന്ത്യയിലെ ഓരോ ജഡ്ജിമാരും ദില്ലി കലാപത്തിന്റെ വാദം കേള്‍ക്കുന്നതിനിടയില്‍ ജസ്റ്റിസ് മുരളീധറിനെ ഏകപക്ഷീയമായി സ്ഥലം മാറ്റി ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനുള്ള ക്രൂരമായ ശ്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും അപലപിക്കുകയും വേണമെന്നും മനീഷ് തിവാരി ആവശ്യപ്പെട്ടു.

അതേസമയം, ജസ്റ്റിസനെതിരായ നടപടി അപ്രതീക്ഷിതമൊന്നും അല്ലെന്നാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. സ്ഥലം മാറ്റ ഉത്തരവിറങ്ങിയതിൽ ഞെട്ടലല്ല മറിച്ച് നാണക്കേടാണ് തോന്നുന്നതെന്നും പ്രിയങ്ക പ്രതികരിച്ചു. കേന്ദ്ര നടപടി ലജ്ജാകരമാണെന്നും സാമാന്യ ജനങ്ങൾക്ക് ജുഡിഷ്യറിയിലുള്ള  വിശ്വാസ്യത തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രിയങ്ക ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയത്. ദില്ലി കലാപക്കേസ് പരിഗണിക്കവെ രൂക്ഷ വിമര്‍ശനമാണ് പൊലീസിനെതിരെ ജസ്റ്റിസ് മുരളീധറിന്‍റെ ‍ബെഞ്ചിൽ നിന്ന് ഉണ്ടായത്.  വിദ്വേഷ പ്രസംഗം ശ്രദ്ധയിൽ പെട്ടില്ലെന്ന് പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗം കോടതിയിൽ കേൾപ്പിച്ചു. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ അടക്കം നാല് പേരുടെ പ്രസംഗം പരിശോധിച്ച് യുക്തമായ നടപടിയെടുത്ത് കോടതിയെ അറിയിക്കാൻ ഉത്തരവിട്ടതിന് പിന്നാലെ ആയിരുന്നു ജഡ്ജിയുടെ സ്ഥലം മാറ്റം. 

Read Also: ദില്ലി കലാപം: കേന്ദ്ര മന്ത്രിക്കെതിരെ കേസ് എടുക്കാൻ നിര്‍ദ്ദേശിച്ച ജഡ്ജിയെ സ്ഥലം മാറ്റി

Follow Us:
Download App:
  • android
  • ios