ദില്ലി: ദില്ലി കലാപം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായെന്ന് അമിത് ഷാ. ദില്ലിയിലെ 206 പോലീസ് സ്റ്റേഷനിൽ 13 ഇടത്ത് മാത്രമാണ് അക്രമം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. മറ്റു സ്ഥലങ്ങളിൽ അക്രമത്തിനുള്ള ശ്രമം നിയന്ത്രിക്കാൻ പോലീസിനായെന്നും അതിന് പൊലീസിനെ അഭിനന്ദിക്കുന്നുവെന്നും ലോക്സഭയിൽ അദ്ദേഹം വിശദീകരിച്ചു.

ദില്ലി കലാപം 36 മണിക്കൂറിൽ നിയന്ത്രിക്കാനായെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഡൊണാൾഡ് ട്രംപിൻറെ രണ്ടാം ദിനത്തിലെ പരിപാടികൾക്ക് പോകാതെ താൻ കലാപം നിയന്ത്രിക്കാൻ ശ്രമിക്കുകയായിരുന്നു. അജിത് ഡോവൽ കലാപ ബാധിത മേഖലകൾ സന്ദർശിക്കാൻ പോയത് തൻറെ നിർദ്ദേശപ്രകാരമാണ്. ദില്ലി കലാപവുമായി ബന്ധപ്പെട്ട് 2647 പേർ അറസ്റ്റിലായെന്ന് അമിത് ഷാ പറഞ്ഞു.

യുപിയിൽ നിന്ന് കലാപത്തിനായി വന്ന 300 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കലാപത്തിന് പണം ഒഴുക്കിയ മൂന്ന് പേരെ പിടികൂടിയിട്ടുണ്ട്. കലാപത്തിന് പിന്നിലുള്ള ആരെയും വെറുതെ വിടില്ല. പ്രതികളുടെ സ്വത്ത് പിടിച്ചെടുക്കും. മതത്തിന്റെയോ വസ്ത്രത്തിന്റെയോ പേരിൽ ആരെയും രക്ഷിക്കാൻ ശ്രമിക്കില്ല. 

ആയുധ നിയമപ്രകാരം 49 കേസുകൾ രജിസ്റ്റർ ചെയ്തു. 152 ആയുധങ്ങൾ കണ്ടെടുത്തു. രാജ്യത്ത് സിഎഎക്ക് എതിരെ സംഘടിപ്പിക്കപ്പെട്ട റാലികളെക്കാൾ കൂടുതൽ പേർ സിഎഎയെ അനുകൂലിച്ച് റാലി നടത്തി. മതത്തെ അടിസ്ഥാനമാക്കി രാജ്യത്ത് നിരവധി നിയമങ്ങൾ പ്രാബല്യത്തിലുണ്ട്. സിഎഎ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. രാംലീല മൈതാനത്ത് പ്രതിപക്ഷ നേതാക്കൾ നടത്തിയ പ്രസംഗം വിഭാഗീയത സൃഷ്ടിക്കുന്നതല്ലേയെന്ന ചോദ്യവും അമിത് ഷാ ഉന്നയിച്ചു. അതിനിടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി. അമിത് ഷാ രാജിവയ്ക്കണം എന്ന മുദ്രാവാക്യം ഉയർത്തിയാണ് അവർ സഭ വിട്ടിറങ്ങിയത്.