Asianet News MalayalamAsianet News Malayalam

1971-ന് ശേഷം ഇന്ത്യയിലേക്ക് കുടിയേറ്റമുണ്ടായെന്നത് 'വലിയ നുണ': ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി

ഞങ്ങളുടെ പൗരന്മാര്‍ ഇന്ത്യയിലേക്ക് കുടിയേറാന്‍ മാത്രം  ദരിദ്ര രാജ്യമല്ല ബംഗ്ലാദേശ്. ഞങ്ങളുടെ സാമ്പത്തിക വളര്‍ച്ച 8.15 ശതമാനമാണ്. പ്രതിശീര്‍ഷ വരുമാനം 2000 ഡോളറും.

Migration from Bangladesh to India after 1971 is a big lie: Bangladesh home minister
Author
New Delhi, First Published Dec 14, 2019, 3:37 PM IST

ദില്ലി: ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറുന്നുവെന്ന പ്രചാരണത്തിനെതിരെ ബംഗ്ലാദേശ് കേന്ദ്ര ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍. 1971ന് ശേഷം ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറ്റമുണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറ്റമുണ്ടായെന്ന് ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ആവര്‍ത്തിക്കുമ്പോഴാണ് ബംഗ്ലാദേശും രംഗത്തെത്തുന്നത്.

ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് വന്‍തോതില്‍ കുടിയേറ്റമുണ്ടായെന്ന പ്രചാരണം 'വലിയ നുണ'യാണെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയമാധ്യമമായ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് അസദുസ്സമന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. സ്വാതന്ത്ര്യ സമര സമയത്ത് കുറച്ച് ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് കുടിയേറി എന്നത് വസ്തുതയാണ്. എന്നാല്‍, നിയമവിരുദ്ധമായി മുസ്ലീങ്ങളാരും ഇന്ത്യയിലേക്ക് കുടിയേറിയിട്ടില്ല.

ബംഗ്ലാദേശി മുസ്ലീങ്ങള്‍ ഇന്ത്യയിലേക്ക് കുടിയേറിയെന്ന പ്രചാരണം ഇരു രാജ്യവും തമ്മിലുള്ള ബന്ധം തകര്‍ക്കാനുള്ള ഗൂഢാലോനയാണെന്ന് സംശയമുണ്ട്. ഇത്തരം കള്ളങ്ങള്‍ പ്രചരിപ്പിക്കരുതെന്നാണ് ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളോട് എനിക്ക് അപേക്ഷിക്കാനുള്ളത്. ഞങ്ങളുടെ പൗരന്മാര്‍ ഇന്ത്യയിലേക്ക് കുടിയേറാന്‍ മാത്രം ദരിദ്ര രാജ്യമല്ല ബംഗ്ലാദേശ്. ഞങ്ങളുടെ സാമ്പത്തിക വളര്‍ച്ച 8.15 ശതമാനമാണ്. പ്രതിശീര്‍ഷ വരുമാനം 2000 ഡോളറും. 1991ല്‍ 44.2 ശതമാനമായിരുന്ന ദാരിദ്ര്യ നിരക്ക് 2016-17ല്‍ വെറും 13.8 ശതമാനമായി.

യൂറോപ്, ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങിയ നിരവധി രാജ്യങ്ങളിലുള്ളവര്‍ ബംഗ്ലാദേശില്‍ ജോലി ചെയ്യുന്നു. പിന്നെ എന്തിനാണ് ജീവിതം മെച്ചപ്പെടുത്താന്‍ പൗരന്മാര്‍ ഇന്ത്യയിലേക്ക് കുടിയേറുന്നത്. ഇന്ത്യയുടെ ടൂറിസം, ആരോഗ്യം മേഖലകളില്‍ ഞങ്ങളുടെ പൗരന്മാര്‍ ചെലവാക്കുന്ന പണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. ആരോഗ്യകരമായ സാമ്പത്തിക വളര്‍ച്ചയാണ് ബംഗ്ലാദേശില്‍ ഉള്ളത്. ഞങ്ങളുടെ പൗരന്മാര്‍ നിങ്ങള്‍ക്ക് ബിസിനസ് നല്‍കുന്നു. പക്ഷേ ആരോപിക്കപ്പെടുന്നത് അനധികൃത കുടിയേറ്റക്കാരാണ്. 1971ന് മുമ്പ് നിരവധി ഇന്ത്യക്കാര്‍ ബംഗ്ലാദേശിലുമെത്തിയിട്ടുണ്ട്.

സുരക്ഷാപ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കിയത്. ക്രമസമാധാനം സാധാരണ നിലയിലായ ശേഷം മാത്രമേ ഇനി ഇന്ത്യയിലേക്ക് യാത്രയുള്ളൂ. പൗരത്വ നിയമ ഭേദഗതി ബംഗ്ലാദേശിനെ ബാധിക്കില്ല. അത് ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണ്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ശക്തമാണ്. ഇന്ത്യ ഞങ്ങളുടെ സുഹൃത്ത് തന്നെയാണ്. എങ്കിലും സിഎബി ആശങ്കയുണ്ടാക്കുന്നു. പൗരന്മാരല്ലെന്ന് കണ്ടെത്തുന്നവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

Follow Us:
Download App:
  • android
  • ios