ലഖ്നൗ: ആർഎസ്എസ് താത്വികാചാര്യൻ ദീൻദയാൽ ഉപാധ്യായയുടെ പേരിലുള്ള സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 63 അടി ഉയരമുള്ള പ്രതിമയും മോദി അനാഛാദനം ചെയ്തു. ദളിതരുടെയും പിന്നാക്കം നിൽക്കുന്നവരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കാൻ ദീൻദയാൽ ഉപാധ്യായയുടെ വാക്കുകൾ പ്രചോദനമാണെന്ന് മോദി പറഞ്ഞു. ഒഡീഷയില്‍ നിന്നുള്ള 200 കലാകാരന്മാര്‍ ഒരു വര്‍ഷമെടുത്താണ് വെങ്കല പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 

തന്റെ ലോക്സഭാ മണ്ഡലമായ വാരാണസിയിൽ കഴിഞ്ഞ ദിവസം മോദി സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും പ്രതിമയുടെ അനാഛാദനവും മോദി നിർവഹിച്ചത്. ഇതുകൂടാതെ 1,254 കോടി രൂപയുടെ 50 പദ്ധതികൾക്കും മോദി തുടക്കം കുറിച്ചു. ഇതുൾപ്പടെ 25,000 കോടിയുടെ പ്രവർത്തനങ്ങളാണ് വാരാണസിയിൽ നടപ്പാക്കുന്നതെന്നും മോദി വ്യക്തമാക്കി.

Read Also: മോദി ഞായറാഴ്ച വാരാണസിയില്‍; ആര്‍എസ്എസ് നേതാവിന്‍റെ 63 അടി പ്രതിമ അനാച്ഛാദനം ചെയ്യും

ദേശീയപാത, ജലപാത, റെയിൽവേ തുടങ്ങിയവയ്ക്കാണ് സർക്കാർ മുൻ​ഗണന നൽകുന്നത്. ഉത്തർപ്രദേശിലെ വാരാണസി, മധ്യപ്രദേശിലെ ഓംകാരേശ്വർ, ഉജ്ജയിൻ എന്നീ 3 തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഐആർടിസിയുടെ ‘മഹാ കാൽ എക്സ്പ്രസ്’ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഒറ്റരാത്രികൊണ്ട് സഞ്ചരിച്ചെത്തുന്ന സ്വകാര്യ ട്രെയിനാണിത്. കരകൗശല പ്രദർശനവും സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.