ദില്ലി: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സാമൂഹികമായുള്ള അകലം പാലിക്കേണ്ട സമയമാണിതെന്നും വൈകാരികമായ അകലം പാടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വാറന്റൈനില്‍ കഴിയുന്നവരോട് മോശമായി പെരുമാറാന്‍ പാടില്ലെന്നും മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലോക്ക് ഡൗണ്‍ നിയമങ്ങള്‍ മനപൂര്‍വ്വം ആരും ലംഘിക്കുന്നില്ലെന്ന് അറിയാം. എന്നാല്‍ ഇത് ലംഘിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, നിയമം പാലിച്ച് വീടിന് പുറത്തിറങ്ങാതെ ഇരുന്നില്ലെങ്കില്‍ അത് നിങ്ങളുടെ തന്നെ ജീവന് അപകടകരമാണെന്നും മോദി പറഞ്ഞു. 

സാമൂഹിക അകലം വര്‍ധിപ്പിച്ചു കൊണ്ട് വൈകാരിക അകലം കുറയ്ക്കുകയാണ് വേണ്ടതെന്ന് മോദി പറഞ്ഞു. അതേസമയം ലോക്ക് ഡൗണില്‍ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നെന്നും മോദി പറഞ്ഞു. 

കൊവിഡ് നേരിടുന്നതിന്‍റെ ഭാഗമായാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ലോക്ക് ഡൗണിനെ ചിലര്‍ ഗൗരവത്തിൽ എടുക്കുന്നില്ല, ഇത് ശരിയല്ലെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ലോക്ക് ഡൗൺ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ ലംഘിക്കുന്നത് കൊവിഡിനെതിരായ പോരാട്ടത്തെ പുറകോട്ട് അടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 
ക്വാറന്‍റൈൻ അല്ലാതെ മറ്റ് പരിഹാരമൊന്നും കൊവിഡിനെ ചെറുക്കാനില്ല. കുറച്ച് ദിവസം കൂടി ആരും ലക്ഷ്മണ രേഖ ലംഘിക്കരുത്.

ഈ യുദ്ധം ജയിച്ചേ തീരു എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മുൻനിര പോരാളികളാണ് ആരോഗ്യപ്രവര്‍ത്തകര്‍. അവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രവര്‍ത്തിക്കാൻ എല്ലാവര്‍ക്കും കഴിയണം. തുടക്കത്തിലെ കൊവിഡിനെതിരെ പോടുന്ന രാജ്യമാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി ജനങ്ങളെ ഓര്‍മ്മിപ്പിച്ചു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക