Asianet News MalayalamAsianet News Malayalam

അവസാനത്തെ ആ​ഗ്രഹമെന്തെന്ന ചോദ്യത്തിന് നിർഭയ പ്രതികളുടെ പ്രതികരണം ഇങ്ങനെ...

ഏഴുവർഷങ്ങൾക്ക് മുമ്പാണ് തെക്കൻ ദില്ലിയിൽ ബസ്സിൽ യുവതിയെ മണിക്കൂറുകളോളം ക്രൂരമായ കൂട്ടബലാത്സം​ഗത്തിനിരയാക്കി വാഹനത്തിൽ നിന്ന് വലിച്ചെറിഞ്ഞത്. സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു.

nirbhaya convicts reaction about the last wish
Author
Delhi, First Published Jan 23, 2020, 11:20 AM IST

ദില്ലി: അവസാനത്തെ ആ​ഗ്രഹമെന്താണെന്ന ചോദ്യത്തോട് പ്രതികരിക്കാതെ നിശ്ശബ്ദത പാലിച്ച് നിർഭയ കേസിൽ വധശിക്ഷ കാത്ത് കഴിയുന്ന നാല് കുറ്റവാളികൾ. തങ്ങളുടെ കുടുംബത്തെ അവസാനമായി കാണുന്നതിനെക്കുറിച്ചും സ്വത്ത് വകകൾ ഏൽപ്പിക്കുന്നതിനെക്കുറിച്ചും ഉള്ള ചോദ്യങ്ങൾക്ക് പ്രതികൾ മറുപടി ഒന്നും നൽകിയിട്ടില്ലെന്ന് തിഹാർ ജയിൽ അധികൃതർ വ്യക്തമാക്കി. ഫെബ്രുവരി ഒന്നിന് രാവിലെ ഏഴുമണിക്കാണ് ഇവരെ തൂക്കിലേറ്റാൻ തീരുമാനിച്ചിരിക്കുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾക്ക് കുടുബാം​ഗങ്ങളെ അവസാനമായി കാണാനും സംസാരിക്കാനും അവരുടെ സ്വത്ത് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാനും നിയമം അവസരം നൽകുന്നുണ്ട്. 

എന്നാൽ നിർഭയ കേസിലെ  പ്രതികളായ മുകേഷ് സിംഗ്, വിനയ് ശർമ്മ, അക്ഷയ് സിംഗ്, പവൻ ഗുപ്ത എന്നിവർ ഇക്കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മൗനം പാലിക്കുകയാണെന്ന് ജയിൽ വൃത്തങ്ങൾ വ്യക്തമാക്കുന്നു. അതേസമയം ശിക്ഷ നീട്ടിവയ്ക്കുമെന്ന പ്രതീക്ഷയിലാണ് പ്രതികളുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.  ശിക്ഷ നടപ്പാക്കാൻ ആഴ്ചകൾ മാത്രം അവശേഷിക്കെയാണ് പ്രതികളിലൊരാളായ അക്ഷയ് സിം​ഗ് ദയാഹർജി സമർപ്പിച്ചത്. ഹർജി തള്ളിയതിനെ തുടർന്ന് ഫെബ്രുവരി ഒന്നിന് വധശിക്ഷ തീരുമാനിച്ചു.

നിയമവശങ്ങളെ ചൂഷണം ചെയ്ത് കുറ്റവാളികൾ വധശിക്ഷയിൽ കാലതാമസം വരുത്തുന്നതിനെ തടയാൻ വധശിക്ഷാ കേസുകളിലെ മാർ​ഗ നിർദ്ദേശങ്ങൾക്ക് മാറ്റം വരുത്തണമെന്ന ആവശ്യവുമായി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നിലവിലുള്ള നിയമത്തെ വളച്ചൊടിച്ച് കുറ്റവാളികൾ വധശിക്ഷ വൈകിപ്പിക്കുകയാണെന്നും സർക്കാർ സമർപ്പിച്ച ഹർജിയിൽ പറയുന്നു. മരണ വാറണ്ട് ഒപ്പിട്ടതിന് ശേഷം ഹർജികൾ സമർപ്പിക്കാൻ സമയപരിധി നിശ്ചയിക്കണമെന്നും സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെടുന്നു.

സംഭവം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തി ആയിരുന്നില്ലെന്ന വാദവുമായി പ്രതികളിലൊരാളായ പവൻ ​ഗുപ്ത കഴിഞ്ഞ ആഴ്ച സുപ്രീം കോടതിയിൽ ​ദയാഹർജി സമർപ്പിച്ചിരുന്നു. ഇത് കോടതി തള്ളിക്കളഞ്ഞു. ഏഴുവർഷങ്ങൾക്ക് മുമ്പാണ് തെക്കൻ ദില്ലിയിൽ ബസ്സിൽ യുവതിയെ മണിക്കൂറുകളോളം ക്രൂരമായ കൂട്ടബലാത്സം​ഗത്തിനിരയാക്കി വാഹനത്തിൽ നിന്ന് വലിച്ചെറിഞ്ഞത്. സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളിൽ ഒരാളെ ജയിൽ സെല്ലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറാമത്തെ പ്രതിയെ 18 വയസ്സിന് താഴെയായി എന്ന കാരണത്താൻ ജുവനൈൽ ഹോമിൽ താമസിപ്പിക്കുകയും മൂന്ന് വർഷത്തിന് ശേഷം വിട്ടയച്ചു.
 

Follow Us:
Download App:
  • android
  • ios