Asianet News MalayalamAsianet News Malayalam

വധശിക്ഷ കാത്ത് നിർഭയക്കേസിലെ കുറ്റവാളികൾ; കനത്ത നിരീക്ഷണത്തിലെന്ന് പൊലീസ്

 മുകേഷ്, അക്ഷയ്, പവൻ ​ഗുപ്ത, വിനയ് ശർമ്മ എന്നീ നാല് പ്രതികളിൽ ഓരോരുത്തർക്കും അഞ്ച് സുരക്ഷാ ഉദ്യോ​ഗസ്ഥരെ വീതം നിയോ​ഗിച്ചിരിക്കുകയാണ്. 

nirbhaya rape case convicts in depressed police said
Author
Delhi, First Published Dec 14, 2019, 12:48 PM IST

ദില്ലി: രാജ്യത്തെ നടുക്കിയ ദില്ലി നിർഭയ കൂട്ടബലാത്സം​ഗത്തിലെ കുറ്റവാളികൾ  വധശിക്ഷ കാത്തുകഴിയുകയാണ്. ഇവർ കടുത്ത വിഷാദാവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് പൊലീസ് സംശയമുന്നയിക്കുന്നു. ഇവരുടെ സുരക്ഷയിൽ കനത്ത ജാ​ഗ്രത പുലർത്തുന്നുണ്ടെന്ന് ജയിൽ വൃത്തങ്ങൾ പറയുന്നു. മുകേഷ്, അക്ഷയ്, പവൻ ​ഗുപ്ത, വിനയ് ശർമ്മ എന്നീ നാല് പ്രതികളിൽ ഓരോരുത്തർക്കും അഞ്ച് സുരക്ഷാ ഉദ്യോ​ഗസ്ഥരെ വീതം നിയോ​ഗിച്ചിരിക്കുകയാണ്. ഭക്ഷണത്തോട് ഇവർ വിരക്തി പ്രകടിപ്പിക്കുന്നതായും ജയിൽ അധികൃതർ വ്യക്തമാക്കി. 

തീഹാർ ജയിൽ ഡയറക്ടർ സന്ദീപ് ​ഗോയൽ പ്രതികളെ പാർപ്പിച്ചിരിക്കുന്ന ജയിൽ നമ്പർ 3 സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കിയിരുന്നു. ആറ് പ്രതികളിൽ ഒരാളായ രാം സിം​ഗ് 2013 ൽ ജയിലിനുള്ളിൽ വച്ച് ആത്മഹത്യ ചെയ്തിരുന്നു. പ്രായപൂർത്തിയായില്ലെന്ന കാരണത്താൽ ഒരാളെ ശി​ക്ഷയിൽ നിന്ന് ഒഴിവാക്കി ജുവനൈൽ ഹോമിൽ താമസിപ്പിച്ചിരുന്നു. ജയിലിനുള്ളിൽ നിന്ന് വധശിക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് പോകുന്നത് തടയാൻ ജയിൽ ജീവനക്കാരുടെ ഫോണുകളും നിരീക്ഷണത്തിലാണ്.

വീഡിയോ കോൺഫറൻസ് വഴി പ്രതികളെ കോടതിയ്ക്ക് മുന്നിൽ ഹാജരാക്കിയിരുന്നു. അതേസമയം പ്രതികളുടെ ആരാച്ചാരാകാൻ തയ്യാറാണെന്ന് അറിയിച്ച് നിരവധി കത്തുകളാണ് തീഹാർ‌ ജയിൽ അധികൃതർക്ക് ലഭിച്ചത്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി പേരാണ് ആരാച്ചാരാകാൻ സന്നദ്ധത അറിയിച്ച് രം​ഗത്തെത്തിയത്. നിർഭയ കേസിലെ 4 പ്രതികൾ ഉൾപ്പെടെ 12 പേരാണ് വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്നത്. എന്നാൽ തീഹാർ ജയിലിൽ ഔദ്യോ​ഗികമായി ആരാച്ചാരില്ല. 

ഉത്തർപ്രദേശിലെ മീററ്റിൽ നിന്നുള്ള ആരാച്ചാരായ പവൻ ജല്ലാദ് ആയിരിക്കും ആരാച്ചാർ എന്ന് അധികൃതർ‌ വ്യക്തമാക്കിയിരുന്നു. ഇന്ദിരാ​ഗാന്ധി വധക്കേസ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയ കല്ലു ജല്ലാദിന്റെ ചെറുമകനാണ് പവൻ ജല്ലാദ്. കുപ്രസിദ്ധ ക്രിമിനലുകളായ രം​ഗയുടെയും ബില്ലയുടെയും വധശിക്ഷ നടപ്പിലാക്കിയതും ഇയാൾ തന്നെയായിരുന്നു. 

ഏഴ് വർഷങ്ങൾക്ക് മുമ്പ് 2012 ഡിസംബർ 16 നാണ് ഓടിക്കൊണ്ടിരുന്ന ബസ്സിൽ വച്ച് പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ അതിക്രൂരകമായ ബലാത്സം​ഗത്തിനും ശാരീരിക പീഡനങ്ങൾക്കും ഇരയാക്കിയത്. മൃതപ്രായയായ പെൺകുട്ടിയെ ഇവർ റോഡരികിൽ ഉപേക്ഷിച്ചു. സിം​ഗപ്പൂരിലെ മൗണ്ട് എലിസബത്ത് ഹോസ്പിറ്റലിൽ വച്ച് ഡിസംബർ 29ന് പെൺകുട്ടി മരിച്ചു. 

മകളെ ക്രൂരപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയവർക്ക് മരണശിക്ഷ നേടിക്കൊടുക്കാൻ പോരാടുമെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ പറയുന്നു. എത്രയും വേ​ഗം അവരെ തൂക്കിലേറ്റണമെന്നാണ് ആ​ഗ്രഹി​ക്കുന്നതെന്നും ഇവർ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios