മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നതിനിടെ സമൂഹ വ്യാപനം സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവര്‍ ഒന്നെങ്കില്‍ വിദേശത്ത് നിന്ന് വന്നവരും അല്ലെങ്കില്‍ അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കും മാത്രമാണെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു.

ഇതുവരെ 196 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. മുംബൈ- താനെ മേഖലയില്‍ മാത്രം 107 പേരാണ് ചികിത്സയിലുള്ളത്. 37 പേര്‍ക്ക് പൂനെയിലും കൊവിഡ് ബാധിച്ചിട്ടുണ്ട്. അതേസമയം, കൊവിഡിന്റെ വ്യാപനം തടയാനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അതിര്‍ത്തികള്‍ അടയ്ക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കി.

ഹൈവേകളില്‍ ജനസഞ്ചാരം അനുവദിക്കരുതെന്നുംആഭ്യന്തര മന്ത്രലായം നിര്‍ദേശിച്ചു. ഒപ്പം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡ് വൈറസിന്റെ വ്യാപന മേഖലകള്‍ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആശുപത്രികളില്‍ പ്രത്യേക ബ്ലോക്കുകളില്‍ കൊവിഡ് ബാധിതരെ പാര്‍പ്പിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് ആശുപത്രികള്‍ ത്വരിതഗതിയില്‍ യാഥാര്‍ത്ഥ്യമാക്കും.17 സംസ്ഥാനങ്ങള്‍ നടപടികള്‍ തുടങ്ങി കഴിഞ്ഞതായി ഇന്നലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.