Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗണ്‍: തൊഴില്‍ ഇല്ല, അവസാന സമ്പാദ്യമായ മൊബൈല്‍ഫോണ്‍ വിറ്റ് റേഷന്‍ വാങ്ങിയ ശേഷം യുവാവ് അത്മഹത്യ ചെയ്തു

മാതാപിതാക്കളും ഭാര്യയും നാലുകുട്ടികളുമടങ്ങുന്ന കുടുംബത്തിന് കൃത്യസമയത്ത് ഭക്ഷണം പോലും നല്‍കാന്‍ സാധിക്കാത്തതില്‍ യുവാവ് അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ്

no job no money migrant labor commits suicide in  Gurgaon during lock down
Author
Saraswati Kunj, First Published Apr 18, 2020, 10:00 AM IST

ഗുഡ്ഗാവ്: ലോക്ക്ഡൌണിന് പിന്നാലെ തൊഴില്‍ നഷ്ടമായ യുവാവ് അത്മഹത്യ ചെയ്തു. ബീഹാറിലെ മാധേപുര സ്വദേശിയായ മുപ്പത്തിയഞ്ചുകാരനാണ് ആത്മഹത്യ ചെയ്തത്. കയ്യിലുണ്ടായിരുന്ന ഫോണ്‍ വിറ്റ് കിട്ടിയ 2500 രൂപയ്ക്ക് വീട്ടിലേക്ക് ആവശ്യ വസ്തുക്കളും ഒരു ഫാനും വാങ്ങിയെത്തിയ ശേഷമായിരുന്നു ആത്മഹത്യ. ഗുഡ്ഗാവില്‍ പെയിന്‍റിംഗ് തൊഴിലാളിയായിരുന്നു ഛാബു മണ്ഡല്‍ എന്ന യുവാവാണ് വ്യാഴാഴ്ച ആത്മഹത്യ ചെയ്തത്. മാതാപിതാക്കളും ഭാര്യയും നാലുകുട്ടികളുമടങ്ങുന്ന കുടുംബത്തിന് കൃത്യസമയത്ത് ഭക്ഷണം പോലും നല്‍കാന്‍ സാധിക്കാത്തതില്‍ യുവാവ് അസ്വസ്ഥനായിരുന്നു. 

ഗുഡ്ഗാവിലെ സരസ്വതി കുഞ്ച് മേഖലയില്‍ ഷെഡ് കെട്ടിയായിരുന്നു കുടുംബം താമസിച്ചിരുന്നത്. ലോക്ക്ഡൌണിന് പിന്നാലെ സമീപവാസികള്‍ സൌജന്യമായി നല്‍കിയിരുന്ന ഭക്ഷണമായിരുന്നു കുടുംബത്തിന് ലഭിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ബുധനാഴ്ച സൌജന്യ ഭക്ഷണം കൂടി ലഭിച്ചിരുന്നില്ല. ഇതോടെയാണ് കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ വിറ്റ് ഇയാള്‍ അവശ്യ സാധനങ്ങള്‍ വാങ്ങിയത്. ഭാര്യ കുളിക്കാന്‍ പോയ സമയത്താണ് ഇയാള്‍ ഷെഡിന്‍റെ ഉത്തരത്തില്‍ കയറില്‍ തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. 

സൌജന്യ ഭക്ഷണം കുടുംബത്തിന് ലഭിച്ചിരുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ സൌജന്യ ഭക്ഷണം ലഭിക്കുന്ന ഇടങ്ങള്‍ താമസ സ്ഥലത്ത് നിന്ന് ഏറെ അകലെയാണെന്നും ഭിന്നശേഷിക്കാരനായ തനിക്കും പ്രായമായ ഭാര്യക്കും ചെറിയ കുട്ടികളേയും കൂട്ടി അത്ര ദുരം പോകാന്‍ സാധിക്കുമായിരുന്നില്ലെന്ന് ഛാബുവിന്‍റെ പിതാവ് പറയുന്നു. രണ്ടുഷെഡുകളിലായി ആയിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇവയ്ക്ക് 3000 രൂപയാണ് വാടക നല്‍കേണ്ടിയിരുന്നതെന്നും ഛാബുവിന്‍റെ പിതാവ് പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതലേ യുവാവിന് പണികള്‍ കുറവായിരുന്നു. 

മലിനീകരണം വര്‍ധിച്ചതോടെ നിര്‍മ്മാണ പ്രവൃത്തികൾ നിര്‍ത്തിവച്ചതോടെ ഛാബുവിന് ജോലികുറവായിരുന്നു. ലോക്ക്ഡൌണിനെ തുടര്‍ന്ന് വീടിന്‍റെ വാടക മുടങ്ങിയതില്‍ വീട്ടുടമസ്ഥന്‍ യുവാവിനെ ശകാരിക്കുകയും ചെയ്തിരുന്നു. തൊഴില്‍ നഷ്ടമായതോടെ തങ്ങള്‍ വലിയ കഷ്ടപ്പാടിലായിരുന്നവെന്ന് യുവാവിന്‍റെ ഭാര്യ പൂനം പറയുന്നു. യുവാവ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സരസ്വതി കുഞ്ച് സെക്ടര്‍ 503 പൊലീസ് വിശദമാക്കിയതായി ദി ഇന്ത്യന്‍ എക്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

Follow Us:
Download App:
  • android
  • ios