Asianet News MalayalamAsianet News Malayalam

പൗരത്വ രജിസ്റ്റര്‍: ബംഗളുരുവിലെ മുസ്‌ലിം പള്ളികളില്‍  രേഖകള്‍ ശരിയാക്കാന്‍ ഹെല്‍പ്പ് ഡെസ്‌ക്, ബോധവത്ക്കരണം

വ്യക്തികളുടെ ആധാര്‍, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകളില്‍ തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ അതില്‍ തിരുത്തുകള്‍ വരുത്തുന്നതിനു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി നഗരത്തിലെ പള്ളികളില്‍ പ്രത്യേക സംവിധാനങ്ങള്‍ നിലവില്‍വന്നു.

NRC Help desk starts in Bengaluru Masjids
Author
Bengaluru, First Published Dec 14, 2019, 7:24 PM IST

ബംഗളുരു: പൗരത്വ ഭേദഗതി ബില്‍, ദേശീയ പൗരത്വ പട്ടിക എന്നിവയെ ചൊല്ലി മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക വ്യാപകമായതിനിടെ, തിരിച്ചറിയല്‍ രേഖകളിലെ തെറ്റുകള്‍ തിരുത്തുന്നതിന് ബോധവത്ക്കരണവുമായി ബംഗളുരുവിലെ മുസ്‌ലിം പളളികള്‍. വ്യക്തികളുടെ ആധാര്‍, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകളില്‍ തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ അതില്‍ തിരുത്തുകള്‍ വരുത്തുന്നതിനു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി നഗരത്തിലെ പള്ളികളില്‍ പ്രത്യേക സംവിധാനങ്ങള്‍ നിലവില്‍വന്നു. 

ബംഗളുരുവിലെ സിററി മാര്‍ക്കറ്റിനു സമീപമുള്ള ജാമിയ മസ്ജിദ് മൂന്നു മാസങ്ങള്‍ക്കുമുമ്പു തന്നെ ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി പള്ളിയില്‍ ഒരു ഹെല്‍പ്പ് ഡെസ്‌ക്  തുടങ്ങിയിട്ടുണ്ട്. രണ്ടാഴ്ച്ചക്കുള്ളില്‍ ഏകദേശം 800 ഓളം പേര്‍ കൗണ്ടറിലെത്തിയതായി ജാമിയ മസ്ജിദ് ഇമാം എം ഇംറാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനേട് പറഞ്ഞു. 'രേഖകളില്‍, പലരുടെയും പേരും ജനനതിയ്യതിയും രേഖപ്പെടുത്തിയത് തെറ്റായിട്ടായിരിക്കും. പേരുകളില്‍ വരുന്ന അക്ഷര തെറ്റുകളാണ് കൂടുതലായുള്ളത്. സ്വന്തം പേരുപോലും ശരിക്കെഴുതാനറിയാത്ത നിരക്ഷരര്‍ വേറെ. ഓണ്‍ലൈന്‍ ആയി ലഭിക്കുന്ന ഫോമുകള്‍ പൂരിപ്പിക്കാന്‍ ഇവര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് ലക്ഷ്യം. 2021 ലെ സെന്‍സസ് കണക്കെടുപ്പിന് 2020 ഏപ്രിലില്‍ തുടക്കമാവും. നൂറുശതമാനം തെറ്റുകളില്ലാതെ രേഖകള്‍ സമര്‍പ്പിക്കാന്‍ ഇവരെ സഹായിക്കുക എന്നതാണ് പ്രധാനമായും ഉദ്ദേശിക്കുന്നതെന്നും ഇമാം പറഞ്ഞു.

ഇന്ദിരാനഗര്‍, നയനഹളളി, ബസവന്‍ഗുഡി തുടങ്ങിയ സ്ഥലങ്ങളിലുളള പളളികളിലും സമാനമായ രീതിയിലുള്ള കൗണ്ടര്‍ തുടങ്ങിയതായി ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു. ദേശീയ പൗരത്വ പട്ടികയെ  ദക്ഷിണേന്ത്യയിലെ മുസ്ലീങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും തലമുറകളായി ഈ രാജ്യത്ത് താമസിക്കുന്നവരാണ് തങ്ങളെന്നും ഇമാം പറഞ്ഞു. 

മതനേതാക്കള്‍, പള്ളി ഇമാമുകള്‍, ഖത്തീബുകള്‍ തുടങ്ങിയവരും  വെളളിയാഴ്ച്ച ജുമുഅ നമസ്‌കാരത്തിന് എത്തുന്നവരെ ഇക്കാര്യത്തില്‍ ബോധവല്‍ക്കരിക്കുന്നുണ്ട്. പൗരത്വ പട്ടികയില്‍ തെറ്റുകള്‍ കൂടാതെ വിവരങ്ങള്‍ ചേര്‍ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ബോധവല്‍ക്കരണം നടക്കുന്നു. 

തിരിച്ചറിയല്‍ രേഖകളില്‍ തെററുകള്‍ വരാതിരിക്കാന്‍  സംസ്ഥാനത്തെ മുസ്ലീസമുദായങ്ങളിലുള്ളവരെ ബോധവത്ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക വഖഫ് ബോര്‍ഡും കഴിഞ്ഞമാസം സര്‍ക്കുലര്‍ ഇറക്കിയിരുന്നു. സംസ്ഥാനത്ത് താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനായി യെദ്യൂരപ്പ സര്‍ക്കാര്‍ ഒക്‌ടോബര്‍ ആദ്യം ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് നഗരത്തില്‍ താമസിച്ചിരുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 60 ഓളം ബംഗ്ലാദേശ് പൗരന്‍മാരെ നാട്ടിലേക്കയച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios