Asianet News MalayalamAsianet News Malayalam

അയോധ്യ രാമക്ഷേത്ര നിർമ്മാണ ട്രസ്റ്റിന്‍റെ ചെയർമാനായി ബാബ്‍രി മസ്ജിദ് കേസ് പ്രതി

മുതി‌ർന്ന അഭിഭാഷകൻ കെ പരാശരന്റെ വസതിയിൽ വച്ച് ചേ‌ർന്ന യോ​ഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറിയാണ് നി‌‌‌ർമ്മാൻ കമ്മിറ്റി ചെയ‌ർമാനായ നൃപേന്ദ്ര മിശ്ര. 

Nritya Gopal Das accused in the Babri Masjid demolition case given key role in Ayodhya Ram Temple Trust
Author
Delhi, First Published Feb 19, 2020, 9:07 PM IST

ദില്ലി: അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്‍റെ പ്രസിഡന്‍റായി വിശ്വ ഹിന്ദു പരിഷത്തിന്‍റെ രാം ജന്മ ഭൂമി ന്യാസിന്‍റെ അധ്യക്ഷനും, ബാബ്‍രി മസ്ജിദ് തകർത്ത കേസിലെ പ്രതിയുമായ നൃത്യ ഗോപാൽ ദാസിനെ നിയമിച്ചു. ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാനായി നൃപേന്ദ്ര ദാസ് മിശ്രയേയും ഇന്ന് ചേർന്ന അയോധ്യ ട്രസ്റ്റ് യോഗം തെരഞ്ഞെടുത്തു. ചമ്പത്ത് റായ് ജനറൽ സെക്രട്ടറിയും ട്രഷററായി ഗോവിന്ദ് ദേവ ഗിരിയും നിയമിക്കപ്പെട്ടു. കേരള കേഡർ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാറും സമിതിയിലുണ്ട്. പതിനഞ്ച് ദിവസങ്ങൾക്ക് ശേഷം ചേരുന്ന ട്രസ്റ്റിന്റെ അടുത്ത യോഗത്തിൽ ക്ഷേത്ര നിർമാണത്തിന്റെ സമയക്രമം തീരുമാനിക്കും. 

മുതി‌ർന്ന അഭിഭാഷകൻ കെ പരാശരന്റെ വസതിയിൽ വച്ച് ചേ‌ർന്ന യോ​ഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറിയാണ് നി‌‌‌ർമ്മാണ കമ്മിറ്റി ചെയ‌ർമാനായ നൃപേന്ദ്ര മിശ്ര. 

നൃത്യ ഗോപാൽ ദാസിനെ ട്രസ്റ്റ് ചെയർമാൻ സ്ഥാനത്ത് നിയമിച്ചതിനെതിരെ രാം ജന്മഭൂമി ന്യാസ് തലവൻ മഹന്ദ് ധരംദാസ് ഇതിനിടെ രംഗത്തെത്തി. ഗോപാൽ ദാസിനെ ചെയർമാൻ ആക്കിയത് തെറ്റായ തീരുമാനമാണെന്ന് മഹന്ദ് ധരംദാസ് പറയുന്നു. 

കഴിഞ്ഞ വർഷം നവമ്പറിലാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അയോധ്യയിലെ 2.77 ഏക്കർ തർക്ക ഭൂമിയിൽ ക്ഷേത്രം നിർമ്മിക്കാൻ അനുകൂലമായി വിധിച്ചത്. സർക്കാർ നിയന്ത്രിത ട്രസ്റ്റ് നിർമ്മാണ ചുമതലയേറ്റെടുക്കണമെന്നായിരുന്നു കോടതി വിധി. മുസ്ലീങ്ങൾക്ക് ഉചിതമായ സ്ഥലത്ത് അഞ്ചേക്കർ സ്ഥലം പള്ളി പണിയാൻ വിട്ടുനൽകാനും കോടതി ഉത്തരവിട്ടിരുന്നു. 

 

Follow Us:
Download App:
  • android
  • ios