ഭുവനേശ്വര്‍ : കൊറോണ വൈറസിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കാന്‍ ഒഡിഷ സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഗ്ദാനം നിരസിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍. നാല് മാസത്തെ വേതനം മുന്‍കൂറായി നല്‍കാമെന്ന വാഗ്ദാനമാണ് വീര്‍ സുരേന്ദ്ര സായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ചിലെ ആരോഗ്യ പ്രവര്‍ത്തകര്‍ നിരസിച്ചത്. മുന്‍കൂറായി സാലറി വേണ്ട പകരം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും സ്യൂട്ടും നല്‍കണമെന്നാണ് ആവശ്യം.

ആവശ്യത്തിന് പേര്‍സണല്‍ പ്രൊട്ടക്ടീവ് എക്വിപ്മെന്‍റ്  (പിപിഇ)കിട്ടാനില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ വൈറസ് പോലുള്ള മഹാമാരിയ്ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ മുന്‍കൂര്‍ വേതനമല്ല ആവശ്യമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. നിലവിലെ അവസ്ഥയില്‍ പിപിഇ ഇല്ലാതെ ജോലി ചെയ്യുന്നത് സ്വജീവന തന്നെ അപകടത്തിലാക്കുന്ന നടപടിയാണെന്ന് ഡോക്ടര്‍മാര്‍ വിശദമാക്കുന്നു. ഒഡിഷ മെഡിക്കല്‍ സര്‍വ്വീസ് അസോസിയേഷനും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

എന്‍ 95 മാസ്കുകള്‍ ആവശ്യത്തിന് സാനിറ്റൈസറുകള്‍ പിപിഇ കിറ്റ്(കണ്ണടയും ബൂട്ടും അടങ്ങുന്ന സുരക്ഷാ ഗൌണ്‍) എന്നിവ നല്‍കിയാണ് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ഉത്തേജിപ്പിക്കണ്ടതെന്ന് ഒഡിഷ മെഡിക്കല്‍ സര്‍വ്വീസ് അസോസിയേഷന്‍ വ്യക്തമാക്കി. നേരത്തെ ഭുവനേശ്വറിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ജീവനക്കാരും സമാന ആവശ്യം ഉയര്‍ത്തിയിരുന്നു.