Asianet News MalayalamAsianet News Malayalam

കൈക്കൂലി കൊടുത്തില്ല; ജനന സർട്ടിഫിക്കറ്റിൽ രണ്ടു വയസ്സുകാരന് പ്രായം 102 രേഖപ്പെടുത്തി ഉദ്യോ​ഗസ്ഥൻ

കൈക്കൂലി നൽകാൻ വിസമ്മതിച്ചതോടെ 2018 ജനുവരി ആറിന് ജനിച്ച സങ്കേതിന്റെ ജനനതീയതി 1916 ജൂൺ 13 എന്നും 2016 ജൂൺ 13ന് ജനിച്ച ശുഭയുടെ ജനനതീയതി 1916 ജൂൺ 13 എന്നും മാറ്റി രേഖപ്പെടുത്തുകയായിരുന്നുവെന്ന് പവൻ കോടതിയിൽ പറഞ്ഞു.  

officers issued birth certificate with wrong years of birth after childrens family refused to give bribe
Author
Lucknow, First Published Jan 21, 2020, 11:20 PM IST

ലക്നൗ: ജനന സർട്ടിഫിക്കറ്റിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ട് ഉത്തർപ്രദേശിലെ ബറേയ്‍ലി കോടതി. രണ്ടും നാലും വയസ്സുള്ള കുട്ടികളുടെ വയസ്സ് ഉൾപ്പടെയുള്ള വിവരങ്ങളാണ് ജനന സർട്ടിഫിക്കറ്റിൽ‌ തെറ്റായി നൽകിയിരിക്കുന്നത്. രണ്ടു വയസ്സ് പ്രായമുള്ള സങ്കേതിന് 102 വയസ്സും നാലു വയസ്സുകാരി ശുഭയ്ക്ക് 104 വയസ്സുമാണ് ജനന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ജനന സർട്ടിഫിക്കറ്റിൽ കുട്ടികളുടെ വയസ്സ് തെറ്റായി കൊടുത്തിരിക്കുന്നുവെന്ന് കാണിച്ച് അമ്മാവൻ പവൻ കുമാർ ഷാജഹാൻപൂരിലെ ഖുദർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം പരാതിയുമായി കോടതിയെയും സമീപിച്ചു. കുട്ടികളുടെ കുടുംബം കൈക്കൂലി നൽകാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് ഉദ്യോ​ഗസ്ഥർ തെറ്റായ രേഖകൾ നൽകിയതെന്ന് പവൻ കുമാർ പരാതിയിൽ ആരോപിച്ചു. തുടർന്ന് പരാതി പരി​ഗണിച്ച ബറേലി കോടതി ഗ്രാമവികസന ഉദ്യോഗസ്ഥനും ഗ്രാമത്തലവനുമെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകുകയായിരുന്നു.

ഗ്രാമവികസന ഉദ്യോഗസ്ഥനായ സുശീൽ ചന്ദ് അ​ഗ്നിഹോത്രിയും ഗ്രാമത്തലവനായ പ്രവീൺ മിശ്രയും ചേർന്ന് 500 രൂപയാണ് ഓരോ കുട്ടിക്കുമുള്ള ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിന് കൈക്കൂലിയായി ആവശ്യപ്പെട്ടത്. രണ്ട് മാസം മുമ്പ് ഓൺലൈൻ ആയി ജനന സർട്ടിഫിക്കറ്റിന് അപേക്ഷ നൽ‌കിയിരുന്നു. എന്നാൽ കൈക്കൂലി നൽകാൻ വിസമ്മതിച്ചതോടെ 2018 ജനുവരി ആറിന് ജനിച്ച സങ്കേതിന്റെ ജനനതീയതി 1916 ജൂൺ 13 എന്നും 2016 ജൂൺ 13ന് ജനിച്ച ശുഭയുടെ ജനനതീയതി 1916 ജൂൺ 13 എന്നും മാറ്റി രേഖപ്പെടുത്തുകയായിരുന്നുവെന്ന് പവൻ കോടതിയിൽ പറഞ്ഞു.  

   

 

Follow Us:
Download App:
  • android
  • ios