കാസര്‍കോട്: കര്‍ണാടക ദേശീയ പാത അതിര്‍ത്തി അടച്ചതോടെ ചികിത്സ കിട്ടാതെ കാസര്‍കോട് ഒരാള്‍കൂടി മരിച്ചു. അതിര്‍ത്തി ഗ്രാമമായ ഹൊസങ്കടി സ്വദേശി രുദ്രപ്പയാണ് മരിച്ചത്. ഹൃദ്രോഗി ആയിരുന്ന ഇയാള്‍ മംഗളുരുവിലായിരുന്നു ചികിത്സ നടത്തിയിരുന്നത്. ഇയാളുടെ വീട്ടില്‍ നിന്നും എട്ട് കിലോമീറ്റര്‍ മാത്രമേ മംഗലൂരുവിലെ ആശുപത്രിയിലേക്കുള്ളു. എന്നാല്‍ അതിര്‍ത്തി അടച്ചതോടെ സ്ഥിരമായുണ്ടായിരുന്ന ചികിത്സ നല്‍കാന്‍ കഴിഞ്ഞില്ല. ന്നര വര്‍ഷം മുൻപ് ഹൃദയ ശസ്ത്ര ക്രിയക്ക് വിധേയനായിരുന്ന ഇയാളെ നെഞ്ച് വേദനയെ തുടർന്ന് ഉപ്പളയിലെ ക്ലിനിക്കിൽ എത്തിച്ചെങ്കിലും മരിക്കുക ആയിരുന്നു. ഇതോടെ കാസര്‍കോട് ജില്ലയില്‍ വിദഗ്ദ്ധ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം 8 ആയി. 

അതേ സമയം മംഗളൂരു- കാസർകോട് അതിർത്തി തുറക്കുന്നത് മരണം ചോദിച്ചുവാങ്ങുന്നതിന് തുല്യമെന്നാണ് കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ പ്രതികരിച്ചത്. അതിർത്തി അടച്ചത് മുൻകരുതൽ നടപടി മാത്രമാണെന്നും കാസർകോട് നിന്നുളള രോഗികളെ കടത്തിവിടാൻ ബുദ്ധിമുട്ടുണ്ടെന്നും യെദിയൂരപ്പ വ്യക്തമാക്കി. ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയ്ക്ക്  അയച്ച കത്തിലാണ് പ്രതികരണം. ഇതാദ്യമായാണ് അതിർത്തി അടച്ച വിഷയത്തിൽ കർണാടക മുഖ്യമന്ത്രിയുടെ പരസ്യപ്രതികരണം. നിലപാട് മയപ്പെടുത്തുന്നതിന്‍റെയോ തീരുമാനം മാറ്റാൻ ഉദ്ദേശിക്കുന്നതിന്‍റെയോ സൂചനയൊന്നും ഇല്ലെന്നാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രതികരണം നല്‍കുന്ന സൂചന.