Asianet News MalayalamAsianet News Malayalam

ഒരു മാസത്തെ ലാഭം ഒരു കോടി രൂപ! കടക്കാരനായിരുന്ന ഉള്ളിക്കര്‍ഷകന്‍റെ ഇപ്പോഴത്തെ ജീവിതം

ഉള്ളി വില കിലോക്ക് 200 രൂപയിലെത്തിയ സമയത്താണ് 240 ടണ്‍ ഉള്ളി വിളവെടുത്തത്. 15 ലക്ഷം മുതല്‍മുടക്കിയാണ് കൃഷി ഇറക്കിയത്. അഞ്ച് ലക്ഷം വരെ ലാഭം കിട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചത്.

Onion brings treasure to debt-ridden farmer, now he is crorepati
Author
Bengaluru, First Published Dec 15, 2019, 6:13 PM IST

ബെംഗലൂരു: ഉള്ളി വില രാജ്യത്തയാകെ കരയിക്കുമ്പോള്‍ ഒരാള്‍ ഉള്ളറിഞ്ഞ് ചിരിക്കുകയാണ് ഒരാള്‍. മറ്റാരുമല്ല, കര്‍ണാടക ചിത്രദുര്‍ഗയിലെ ഉള്ളി കര്‍ഷകന്‍. ഒരു മാസം മുമ്പ് കൃഷി നഷ്ടത്തിലായി കടം കയറിയ കര്‍ഷകനിപ്പോള്‍ കോടിപതിയാണ്. ചിത്രദുര്‍ഗയിലെ ദോഡ്ഡസിദ്ധവന ഹള്ളിയിലെ 42കാരനായ മല്ലികാര്‍ജുനയാണ് ഒരുമാസം കൊണ്ട് കോടിപതിയായത്. വിള നശിച്ചതിലൂടെയും വില താഴ്ന്നതിലൂടെയും കടം കയറി. വീണ്ടും ബാങ്ക് ലോണെടുത്താണ് ഉള്ളി കൃഷി ചെയ്യാന്‍ തീരുമാനിച്ചത്. ഈ വിളകൂടി നശിച്ചാല്‍ ജീവനൊടുക്കേണ്ടി വരുമായിരുന്നു.

എന്നാല്‍, റോക്കറ്റ് പോലെ കുതിച്ച ഉള്ളിവില ജീവിതം മാറ്റിമറിച്ചു. ഉള്ളിവില എനിക്കും എന്‍റെ കുടുംബത്തിനും ഭാഗ്യം കൊണ്ടുവന്നു. ഉള്ളി വില കിലോക്ക് 200 രൂപയിലെത്തിയ സമയത്താണ് 240 ടണ്‍ ഉള്ളി വിളവെടുത്തത്. 15 ലക്ഷം മുതല്‍മുടക്കിയാണ് കൃഷി ഇറക്കിയത്. അഞ്ച് ലക്ഷം വരെ ലാഭം കിട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ ഒരു കോടിയിലേറെ ലാഭം കിട്ടി. കടമെല്ലാം വീട്ടണം. പിന്നെ വീടു പണിയണം. കൃഷി വ്യാപിപ്പിക്കുന്നതിനായി കുറച്ച് ഭൂമിയും വാങ്ങണമെന്ന് മല്ലികാര്‍ജുന പറഞ്ഞു. ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

10 ഏക്കറാണ് മല്ലികാര്‍ജുനക്ക് സ്വന്തമായുള്ളത്. 10 ഏക്കര്‍ കൂടി പാട്ടത്തിനെടുത്താണ് ഉള്ളികൃഷിയിറക്കിയത്. 50ഓളം തൊഴിലാളികളെയും ജോലിക്കുവെച്ചു. മഴ കുറഞ്ഞ പ്രദേശമായതിനാല്‍ ഭൂഗര്‍ഭ ജലത്തെ ആശ്രയിച്ചാണ് കൃഷി. വെള്ളമില്ലാത്തതിനാല്‍ നിരവധി കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു. മഴ സമയത്ത് മാത്രമായിരുന്നു മല്ലികാര്‍ജുനയും കൃഷിയിറക്കിയിരുന്നത്. 2004മുതല്‍ ഉള്ളി തന്നെയാണ് പ്രധാനകൃഷി. അഞ്ച് ലക്ഷത്തിലധികം ലാഭം ഇതിന് മുമ്പ് കിട്ടിയിട്ടില്ലെന്നും മല്ലികാര്‍ജുന പറഞ്ഞു. 

ഒക്ടോബര്‍ വരെ ഉള്ളിക്ക് വില താഴ്ന്നത് ആശങ്കയുണ്ടാക്കി. വീണ്ടും നഷ്ടമുണ്ടാകുമെന്ന് കരുതി. നവംബര്‍ ആദ്യം ക്വിന്‍റിലിന് 7000 രൂപ നിരക്കിലാണ് ഉള്ളി വിറ്റത്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ക്വിന്‍റലിന് 12,000 രൂപയായി. പിന്നീട് 2,0000 രൂപവരെ ലഭിച്ചു. കുടുംബാംഗങ്ങളും മല്ലികാര്‍ജുനയും രാപ്പകല്‍ കാവലിരുന്നാണ് വിള മോഷ്ടാക്കളില്‍ നിന്ന് രക്ഷിച്ചത്.

Follow Us:
Download App:
  • android
  • ios