ശ്രീന​ഗ‍ർ: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായി തുടരുന്നതിനിടെ നിയന്ത്രണരേഖയിൽ പ്രകോപനപരമായ നീക്കവുമായി പാകിസ്ഥാൻ. നിയന്ത്രണരേഖയിലേക്ക് വൻതോതിൽ പാകിസ്ഥാൻ സൈന്യത്തെ വിന്യസിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

നിലവിൽ ഇന്ത്യ-ചൈന സംഘർഷം നിലനിൽക്കുന്ന ലഡാക്ക് അതി‍ർത്തിയിലേക്ക് തന്നെയാണ് പാകിസ്ഥാൻ 20,000 സൈനികരെ വിന്യസിക്കുന്നത് എന്നാണ് വിവരം. പാകിസ്ഥാനിലെ ​ഗിൽജിത് ബാൾടിസ്ഥാൻ മേഖലയിൽ നിന്നുമാണ് ഇത്രയും സൈന്യത്തെ ഇവിടേക്ക് മാറ്റിയിരിക്കുന്നത്. ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം അതിർത്തിയിൽ വിന്യസിച്ചതിലും അധികം സൈനികരെ പാകിസ്ഥാൻ ഇപ്പോൾ നിയന്ത്രണരേഖയിലേക്ക് എത്തിച്ചുവെന്നാണ് സൂചന. 

ചൈനീസ് സൈന്യം അതി‍ർത്തിയിൽ ഭീഷണി ഉയർത്തുന്നതിനിടയിൽ ഇപ്പുറത്ത് പാകിസ്ഥാനും കൂടി ചേരുമ്പോൾ ഇന്ത്യയ്ക്ക് ഇരട്ടവെല്ലുവിളിയാണ് ഉയരുന്നത്. ചൈനയോടൊപ്പം  അതി‍ർത്തിയിൽ പ്രശ്നമുണ്ടാക്കി ഇന്ത്യയെ സമ്മ‍ർദ്ദത്തിലാക്കുകയാണ് പാകിസ്ഥാൻ്റെ ലക്ഷ്യം എന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന സൂചന. 

പാക് സൈനിക നീക്കം തിരിച്ചറിഞ്ഞതിന് പിന്നാലെ വിവിധ രഹസ്യാന്വേഷണ ഏജൻസികളും സുരക്ഷാ ഏജൻസികളും പ്രതിരോധതന്ത്രങ്ങൾക്കായി ആലോചന ശക്തമാക്കിയിട്ടുണ്ടെന്ന് ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ റിപ്പോ‍ർട്ട് ചെയ്യുന്നു. ലഡാക്ക് അതി‍ർത്തിയിലേക്ക് തീവ്രവാദികളെ എത്തിക്കാൻ പാകിസ്ഥാൻ ശ്രമിച്ചേക്കാനുള്ള സാധ്യതയും രഹസ്യാന്വേഷണ ഏജൻസികൾ തള്ളിക്കളയുന്നില്ല. പാകിസ്ഥാൻ്റെ വ്യോമനീക്കവും ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.