Asianet News MalayalamAsianet News Malayalam

പ്രതിഷേധത്തിനിടെ പാകിസ്ഥാൻ സിന്ദാബാദ് വിളിച്ച് യുവതി; മൈക്ക് പിടിച്ചു വാങ്ങി ഒവൈസി

എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി പങ്കെടുത്ത പരിപാടിയിലാണ് യുവതി വേദിയിലെത്തി പാകിസ്ഥാൻ സിന്ദാബാദ് വിളിച്ചത്. ഇവരിൽ നിന്ന് ഒവൈസി മൈക്ക് പിടിച്ചു വാങ്ങുകയായിരുന്നു. 

Pakistan Zindabad slogan raised during CAA protest in Bengaluru
Author
Bengaluru, First Published Feb 20, 2020, 8:00 PM IST

ബെംഗളൂരു: ബെംഗളൂരുവിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പരിപാടിക്കിടെ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് മേൽ രാജ്യദ്രോഹ കുറ്റം ചുമത്തി. അമൂല്യ ലിയോണ എന്ന യുവതിയെയാണ് അറസ്റ്റ് ചെയ്തത്. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി പങ്കെടുത്ത പരിപാടിയിലാണ് യുവതി വേദിയിലെത്തി പാകിസ്ഥാൻ സിന്ദാബാദ് വിളിച്ചത്.

പരിപാടിക്കിടെ വേദിയിലെത്തി മൈക്ക് കൈയിലെടുത്ത യുവതി പൊടുന്നനെ പാകിസ്ഥാന്‍ സിന്ദാബാദ് വിളിക്കുകയായിരുന്നു. പിന്നീട് ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്നും പാകിസ്ഥാന്‍ സിന്ദാബാദ് എന്നും ഇവര്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. യുവതിയുടെ അപ്രതീക്ഷിത നടപടിയില്‍ സദസും വേദിയിലുണ്ടായിരുന്ന നേതാക്കളും ഞെട്ടിത്തരിച്ചെങ്കിലും പെട്ടെന്ന് തന്നെ ഒവൈസി യുവതിയുടെ അരികിലേക്ക് ഓടിയെത്തി മൈക്ക് പിടിച്ചു വാങ്ങാനും യുവതിയെ തടയാനും ശ്രമിച്ചു. 

ഒവൈസിക്ക് പിന്നാലെ പ്രവര്‍ത്തകരും നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും വേദിയിലെത്തി യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ വീണ്ടും പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച് വേദിയില്‍ തുടര്‍ന്നു. ഒടുവില്‍ പൊലീസ് ബലം പ്രയോഗിച്ച് ഇവരെ വേദിയില്‍ നിന്നും നീക്കി കൊണ്ടു പോകുകയായിരുന്നു. 

അതേസമയം യുവതിയുമായി തനിക്കോ തന്‍റെ പാര്‍ട്ടിക്കോ ബന്ധമില്ലെന്നും അവസാന ശ്വാസം വരെ ഭാരത് മാതാ കീ ജയ് മാത്രമാണ് തന്‍റെ മുദ്രാവാക്യമെന്നും ഒവൈസി വ്യക്തമാക്കി. 
 

Follow Us:
Download App:
  • android
  • ios