Asianet News MalayalamAsianet News Malayalam

ലോക്ക് ഡൌണും റെഡ് അലേര്‍ട്ടും മറികടന്ന് കൂട്ടപ്രാര്‍ത്ഥന; ആന്ധ്രപ്രദേശില്‍ പാസ്റ്റര്‍ അറസ്റ്റില്‍

മാസ്ക് പോലും ധരിക്കാതെയായിരുന്നു ആരാധന. വിശ്വാസികള്‍ ഒരേ പാത്രത്തില്‍ നിന്നാണ് വെള്ളം കുടിച്ചതെന്നും റെയ്ഡ് നടത്തിയ പൊലീസുകാര്‍ വിശദമാക്കിയതായി ദി ന്യൂസ് മിനിട്ട്

pastor held for conducting prayer meeting not following lock down and red alert direction in andhra pradesh
Author
Rayavaram, First Published Apr 6, 2020, 4:48 PM IST

റായവാരം: കൊവിഡ് 19 വ്യാപനം ചെറുക്കാനായി ഏര്‍പ്പെടുത്തിയ  ലോക്ക് ഡൌണ്‍ നിര്‍ദേശങ്ങള്‍ മറികടന്ന് പ്രാര്‍ത്ഥനാ സമ്മേളനം നടത്തിയ പാസ്റ്റര്‍ അറസ്റ്റില്‍. ആന്ധ്ര പ്രദേശിലെ കിഴക്കന്‍ ഗോദാവരിയിലുള്ള റായവാരം ഗ്രാമത്തില്‍ വച്ചായിരുന്നു ഞായറാഴ്ച പ്രാര്‍ത്ഥന സമ്മേളനം നടത്തിയത്. വിശുദ്ധവാരത്തിന്‍റെ ആരംഭം കുറിച്ചായിരുന്നു പ്രാര്‍ത്ഥന. മാസ്ക് പോലും ധരിക്കാതെയായിരുന്നു ആരാധന. വിശ്വാസികള്‍ ഒരേ പാത്രത്തില്‍ നിന്നാണ് വെള്ളം കുടിച്ചതെന്നും റെയ്ഡ് നടത്തിയ പൊലീസുകാര്‍ വിശദമാക്കിയതായി ദി ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്തു.

പ്രാര്‍ത്ഥന നടത്തിയ സ്ഥലം റെയ്ഡ് ചെയ്ത പൊലീസ് വിശ്വാസികളെ വീടുകളിലേക്ക് അയച്ച ശേഷമായിരുന്നു പാസ്റ്ററിനെ അറസ്റ്റ് ചെയ്തത്. വിജയ് രത്നം എന്ന പാസ്റ്ററിനെയാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 188, 270 എന്നിവ അനുസരിച്ചുള്ള കുറ്റങ്ങളാണ് ഇയാളുടെ മേല്‍ ചുമത്തിയിട്ടുള്ളത്. കൊവിഡ് വ്യാപനം ചെറുക്കാനുള്ള ശ്രമങ്ങളില്‍ സര്‍ക്കാരിനോട് സഹകരിക്കുമെന്ന് ഫെഡറേഷന്‍ ഓഫ് തെലുഗു ചര്‍ച്ചസ്  എക്സിക്യുട്ടീവ് തീരുമാനിച്ചതിന് ശേഷവും ആരാധനയുമായി പാസ്റ്റര്‍ വിജയ രത്നം മുന്നോട്ട് പോവുകയായിരുന്നു.

ഞായറാഴ്ച വൈകുന്നേരത്തിനുള്ളില്‍ 26 പുതിയ കൊവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 11 കേസുകള്‍ കിഴക്കന്‍ ഗോദാവരിയില്‍ നിന്നാണ്. വര്‍ധിക്കുന്ന കൊവിഡ് 19 കേസുകളുടെ എണ്ണം പരിഗണിച്ച് ഈ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് വിസിയനഗരം, ശ്രീകാകുളം ജില്ലകളില്‍ മാത്രമാണ്  ഇതുവരെയും കൊവിഡ് 19 ബാധിക്കാതെയുളളത്. 

Follow Us:
Download App:
  • android
  • ios