Asianet News MalayalamAsianet News Malayalam

ക്യാമ്പസില്‍ മുസ്‍ലിം വിദ്യാര്‍ഥിനികള്‍ ബുര്‍ഖ ധരിച്ചാല്‍ 250 രൂപ പിഴ; പ്രതിഷേധം ശക്തം

ബീഹാറിലെ പട്നയിലെ ജെ ഡി വിമന്‍സ് കോളേജാണ് വിചിത്രമായ ഡ്രസ് കോഡിന് ഉത്തരവ് ഇറക്കിയിട്ടുള്ളത്. ശനിയാഴ്ച മുതല്‍ ഡ്രസ് കോഡ് പ്രാബല്യത്തില്‍ വരുമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു

Patna college tells Muslim students tells no burqa allowed and imposes 250 fine
Author
Patna, First Published Jan 25, 2020, 3:05 PM IST

പട്ന(ബീഹാര്‍): കോളേജ് ക്യാമ്പസില്‍ മുസ്‍ലിം വിദ്യാര്‍ഥിനികള്‍ ബുര്‍ഖ ധരിക്കരുതെന്ന നിര്‍ദേശവുമായി പട്നയിലെ കോളേജ്. ബീഹാറിലെ പട്നയിലെ ജെ ഡി വിമന്‍സ് കോളേജാണ് വിചിത്രമായ ഡ്രസ് കോഡിന് ഉത്തരവ് ഇറക്കിയിട്ടുള്ളത്. ശനിയാഴ്ച മുതല്‍ ഡ്രസ് കോഡ് പ്രാബല്യത്തില്‍ വരുമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. 

കോളേജ് പ്രോക്ടറും പ്രിന്‍സിപ്പലും ഒപ്പിട്ടിരിക്കുന്ന ഉത്തരവാണ് പുറത്തിറങ്ങിയിട്ടുള്ളതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് വിശദമാക്കുന്നു. വിദ്യാര്‍ഥികള്‍ നിര്‍ദേശം കര്‍ശനമായി പിന്തുടരണമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. ഇത് ലംഘിക്കുന്നവരില്‍ നിന്നും 250 രൂപ പിഴ ഈടാക്കുമെന്നും ഉത്തരവ് വിശദമാക്കുന്നുണ്ട്. കോളേജിലും ക്യാമ്പസിന് അകത്തും ബുര്‍ഖ ധരിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. 

Patna college tells Muslim students tells no burqa allowed and imposes 250 fine

കോളേജില്‍ അനുവദനീയമായ വസ്ത്രധാരണത്തേക്കുറിച്ച് നോട്ടീസ് പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ആ വസ്ത്രധാരണ രീതി എന്താണെന്ന് നോട്ടീസ് വ്യക്തമാക്കുന്നില്ല. എന്നാല്‍ ഉത്തരവില്‍ പുതിയതായി ഒന്നുമില്ലെന്നാണ് പ്രിന്‍സിപ്പല്‍ ശ്യാമ റോയ് വിശദമാക്കുന്നത്. സല്‍വാര്‍, കമ്മീസ് , ദുപ്പട്ടയാണ് കോളേജില്‍ അനുവദനീയമായിട്ടുള്ളത്.കഴിഞ്ഞ ഏഴുവര്‍ഷമായി ഇത് കോളേജില്‍ പിന്തുടരുന്ന രീതിയാണെന്നും ശ്യാമ റോയ് ദ പ്രിന്‍റിനോട് പ്രതികരിച്ചു. വിദ്യാര്‍ഥിനികള്‍ക്ക് ക്യാമ്പസില്‍ കയറിയാല്‍ ബുര്‍ഖ ബാഗില്‍ സൂക്ഷിക്കാമെന്നും ശ്യാമ റോയ് കൂട്ടിച്ചേര്‍ത്തു. നിരവധിപ്പേര്‍ നേരത്തെ ഇറക്കിയ ഉത്തരവ് പാലിക്കുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുതുയ നോട്ടീസ് പുറത്തിറക്കിയിട്ടുള്ളതെന്നും ശ്യാമ റോയ് വിശദമാക്കി.

വസ്ത്രധാരണ രീതിയില്‍ ഏകീകൃത സ്വഭാവം കൊണ്ടുവരാനാണ് നീക്കമെന്നാണ് കോളേജ് അധികൃതര്‍ വാദിക്കുന്നത്.
എന്നാല്‍ ഉത്തരവിനെതിരേ പ്രതിഷേധം ശക്തമാണ്. വിചിത്രമായ ഉത്തരവെന്നാണ് വിദ്യാര്‍ഥികള്‍ ഉത്തരവിനേക്കുറിച്ച് പ്രതികരിക്കുന്നത്. താലിബാന്‍ നിയമത്തിന് സമാനമാണ് ഉത്തരവെന്നും നോട്ടീസ് പിന്‍വലിക്കണമെന്നും ആര്‍ജെഡി നേതാവ് ഭായ് ബിരേന്ദര്‍ ആവശ്യപ്പെട്ടു. ബുര്‍ഖ, കുര്‍ത്ത,  പൈജാമ എന്നിവ ധരിക്കുന്നതില്‍ തെറ്റില്ലെന്നും ബിരേന്ദര്‍ വിശദമാക്കി. സംസ്ഥാനത്തെ ന്യൂനപക്ഷ വികാരങ്ങളെ വ്രണപ്പെടുത്താന്‍ മാത്രമേ ഉത്തരവ് സഹായിക്കൂവെന്ന് ബിരേന്ദര്‍ ആരോപിക്കുന്നു. എന്നാല്‍ ഉത്തരവില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ലെന്ന് ജെഡിയു നേതൃത്വം വ്യക്തമാക്കി.
 

Follow Us:
Download App:
  • android
  • ios