നോയിഡ: ലോക്ക്ഡൗണ്‍ ലംഘിച്ച് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നമസ്‌കാരത്തിനായി 12 ഓളം പേര്‍  ഒത്തുകൂടിയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കെതിരെ കേസെടുത്തു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അധികൃതര്‍ വിവരം അറിഞ്ഞത്. ഉത്തര്‍പ്രദേശ് എപ്പിഡെമിക് മാനേജ്‌മെന്റ് നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. പന്ത്രണ്ടോളം പേരാണ് കെട്ടിടത്തിന് മുകളില്‍ നടന്ന നമസ്‌കാരത്തില്‍ പങ്കെടുത്തതെന്ന് പൊലീസ് അറിയിച്ചു. പൊലീസിന്റെ ട്വിറ്റര്‍ പേജിലൂടെയും ദൃശ്യങ്ങള്‍ പുറത്തുവിട്ടു.

ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുകയും കൊവിഡ് 19 ഭീഷണി നിലനില്‍ക്കെ നിയമവിരുദ്ധമായി ആളുകള്‍ കൂടി നില്‍ക്കുകയും ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. സാദിഖ്, ഗുഡ്ഡു, മുഹമ്മദ് ജഹാംഗീര്‍, സാഖിബ്, ശംസേര്‍ അഫ്രോസ്, നൂര്‍ ഹസന്‍, റാസി ആലം, ഫിറോസ്, ഛോട്ടു, തബ്‌റൂഖ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തതെന്നും ഇവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.