ദില്ലി: ഓരോ നിമിഷയും ആശങ്കയോടെയാണ് ലോകം തള്ളി നീക്കുന്നത്. കൊറോണ വൈറസ് വ്യാപനം ഓരോ ദിവസവും വർദ്ധിക്കുമ്പോൾ വീടിനുള്ളിൽ അടച്ചിരുന്ന് പ്രതിരോധം സൃഷ്ടിക്കാനാണ് അധികൃതരും ആരോ​ഗ്യപ്രവർത്തകരും ആവശ്യപ്പെടുന്നത്. എന്നാൽ എല്ലാവരും വീട്ടിനുളളിൽ ഇരിക്കുമ്പോൾ അവർക്ക് കാവലായും കരുതലായും പ്രവർത്തിക്കുന്ന ചിലരുണ്ട്. അവരെക്കുറിച്ച്  അഭിമാനിക്കുകയും അവർക്ക് ആദരമർപ്പിക്കുകയും ചെയ്യുകയാണ് കേന്ദ്രമന്ത്രി ജി കൃഷ്ണൻ റെഡ്ഡി. കൊറോണയ്ക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകുന്ന നാലുപേരുടെ ചിത്രങ്ങളാണ് അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. 

കൊറോണ വാരിയേഴ്സ് എന്ന ഹാഷ്ടാ​ഗോടെയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നാല് കോറോണ വാരിയേഴ്സിനെക്കുറിച്ചുള്ള കഥകൾ ഈ ചിത്രങ്ങളിലൂടെ വെളിപ്പെടും എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. വെറും നിലത്ത് ഇരുന്ന് ഭക്ഷണം കഴിക്കുകയാണ് ഒരു പൊലീസുകാരൻ, മറ്റൊരാൾ ബാരിക്കേഡിന് പിന്നിൽ കിടന്നുറങ്ങുന്നു, മറ്റൊരു പോലീസുകാരനാകട്ടെ വീട്ടിലെത്തി, ഒരു നിശ്ചിത അകലത്തിൽ പുറത്തിരുന്ന ഭക്ഷണം കഴിക്കുന്നു. നാലാമത് ഒരു ഡോക്ടറാണ്. ജോലിക്കിടയിൽ വീണുകിട്ടിയ കുറച്ച് സമയം ഭാര്യയെയും മക്കളെയും കാണാൻ എത്തിയിരിക്കുകയാണ് അദ്ദേഹം. എല്ലാവർക്കും എന്റെ ആദരവ്. മന്ത്രി ട്വിറ്ററിൽ കുറിച്ചു. 

കർണാടക ബിജെപിയുടെ ഔദ്യോ​ഗിക ട്വിറ്റർ പേജിൽ ഈ ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്. ചിത്രം കണ്ടവരെല്ലാം ആദരവോടെയാണ് പ്രതികരണം അറിയിച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് പ്രതികരണമറിയിച്ചിരിക്കുന്നത്.