ദില്ലി: ആമസോണ്‍, രാജ്യത്ത് ഏഴായിരം കോടി രൂപയുടെ നിക്ഷേപം നടത്തുന്നത് വലിയ ഗുണം ചെയ്യില്ലെന്ന തന്‍റെ പ്രസ്താവന തിരുത്തി കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍. താന്‍ ആമസോണിന് എതിരായൊന്നും പറഞ്ഞില്ലെന്നും നിക്ഷേപം നിയമാനുസൃതമാകണം എന്നാണ് ഉദ്ദേശിച്ചതെന്നും പീയുഷ് ഗോയല്‍ വിശദീകരിച്ചു.

കഴിഞ്ഞ ദിവസമാണ് ആമസോണ്‍ സിഇഒ ജെഫ് ബസോസ് ഇന്ത്യയില്‍ നടത്താനുദ്ദേശിക്കുന്ന നിക്ഷേപത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. നൂറു കോടി ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കുമെന്നായിരുന്നു പ്രഖ്യാപനം. പത്തു ലക്ഷം പേർക്ക് ഇതിലൂടെ തൊഴിൽ നല്കാനാകുമെന്നും അമസോൺ മേധാവിവ്യക്തമാക്കി. ഇതിന് പിന്നാലെയാണ് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.

ആമസോണിന്‍റെ നിക്ഷേപം വലിയ കാര്യമല്ലെന്നായിരുന്നു പീയുഷ് ഗോയലിന്‍റെ പ്രതികരണം. നഷ്ടത്തിലാണെന്ന് പറയുന്ന ആമസോണിന് ഈ തുക അത് നികത്താനേ തികയൂ എന്നും പിയൂഷ് ഗോയൽ പറഞ്ഞു. ഇ കോമേഴ്സ് കമ്പനികള്‍ രാജ്യത്തെ നിയമങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്ന വാണിജ്യ മന്ത്രിയുടെ മുന്നറിയിപ്പും വിവാദമായി. ഇതോടെ പ്രസ്താവന തിരുത്തി ഗോയല്‍ രംഗത്തു വന്നു. ജെഫ് ബെസോസിന് പ്രധാനമന്ത്രിയെ കാണാൻ സമയം നല്കാത്തതും ചർച്ചയായിരുന്നു.