Asianet News MalayalamAsianet News Malayalam

ജനസംഖ്യ നിയന്ത്രണത്തിന് നയം രൂപീകരിക്കണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്

ഭരണഘടനക്ക് അപ്പുറത്തെ അധികാര കേന്ദ്രത്തെയും ആരുടെയും മതം മാറ്റത്തെയും ആര്‍എസ്എസ് പിന്തുണക്കുന്നില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

Population control should be drafted, Says RSS Chief Mohan Bhagwat
Author
Bareilly, First Published Jan 19, 2020, 9:58 PM IST

ബറേലി: രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിന് നയം രൂപീകരിക്കണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. വിഭവത്തെപ്പോലെ ജനസംഖ്യ വളര്‍ച്ചയും പ്രശ്നമാണ്. അതുകൊണ്ട് തന്നെ നയരൂപീകരണം അത്യാവശ്യമാണ്. ആ നയത്തിനനുസരിച്ച് എത്ര കുട്ടികള്‍ ആകാമെന്ന് തീരുമാനിക്കണം. ഇക്കാര്യത്തില്‍ അഭിപ്രായം പറയല്‍ തന്‍റെ ജോലിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഭവിഷ്യ കാ ഭാരത് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്.

നേരത്തെ ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ മതിയെന്ന നിര്‍ദേശം ഭാഗവത് മുന്നോട്ട് വെച്ചിരുന്നു. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാക്കി നിജപ്പെടുത്തിയാല്‍ രാജ്യത്തിന്‍റെ വികസനത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രണ്ട് കുട്ടി നയത്തെ ആര്‍എസ്എസ് അനുകൂലിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഭരണഘടനക്ക് അപ്പുറത്തെ അധികാര കേന്ദ്രത്തെയും ആരുടെയും മതം മാറ്റത്തെയും ആര്‍എസ്എസ് പിന്തുണക്കുന്നില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ഈ രാജ്യം ഹിന്ദുക്കളുടേതാണെന്ന് പറയുമ്പോള്‍ രാജ്യത്തെ 130 കോടി ജനങ്ങളും ഹിന്ദുക്കളാണ്. ഇതിനര്‍ഥം ആരെയെങ്കിലും മതം മാറ്റുമെന്നോ ജാതി മാറ്റുമെന്നോ ഭാഷ മാറ്റുമെന്നോ അല്ല. ഭരണഘടനക്ക് അതീതമായി ഒരു ശക്തിയെയും അംഗീകരിക്കില്ല. കാരണം ആര്‍എസ്എസ് വിശ്വസിക്കുന്നത് ഭരണഘടനയിലാണെന്നും അദ്ദേഹം പറഞ്ഞു. 

സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുള്ളവര്‍ സംഘടനയുടെ ഭാഗമാകുന്നുണ്ട്. ചിലര്‍ രാഷ്ട്രീയത്തില്‍ നിന്നും വരുന്നുണ്ട്. തെരഞ്ഞെടുപ്പ് ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല. കഴിഞ്ഞ 60 വര്‍ഷമായി രാജ്യത്തിന്‍റെ ധാര്‍മിക മൂല്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ 130 കോടി ജനങ്ങള്‍ക്കുവേണ്ടിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. ബിജെപിയെ നിയന്ത്രിക്കുന്ന ശക്തി ആര്‍എസ്എസാണെന്ന ആരോപണത്തെയും മോഹന്‍ ഭാഗവത് എതിര്‍ത്തു. രാജ്യത്തിന്‍റെ പാരമ്പര്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ആര്‍എസ്എസുകാരനാകാം. അതിന് ശാഖയില്‍ വരണമെന്നില്ലെന്ന് കഴിഞ്ഞ ദിവസം മൊറാദാബാദില്‍ പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios