Asianet News MalayalamAsianet News Malayalam

പോഷകാഹാരം നല്‍കാന്‍ വിളിച്ച് വരുത്തിയ ഗര്‍ഭിണിക്ക് ഭക്ഷണം നല്‍കാതെ സംഘാടകര്‍; കാരണം വിചിത്രം

ഗര്‍ഭിണികളിലും കുട്ടികളിലുമുള്ള പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ നടത്തുന്ന സംസ്ഥാന സര്‍ക്കാര്‍ പരിപാടിയില്‍ ഏഴുമാസം ഗര്‍ഭിണിയായ യുവതിക്ക് ഭക്ഷണം നിഷേധിച്ചതായി പരാതി. 

Pregnant woman made to pose with food on Nutrition Day event in Bengal
Author
Santipur, First Published Jul 28, 2019, 4:00 PM IST

ശാന്തിപൂര്‍ (പശ്ചിമബംഗാള്‍): ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമായി പോഷകാഹാര ദിനാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ ചടങ്ങിലെത്തിയ ഗര്‍ഭിണിക്ക് ഭക്ഷണം നല്‍കിയില്ലെന്ന് പരാതി. പോഷക സമൃദ്ധമായി ആഹാരമടങ്ങിയ ഭക്ഷണപാത്രത്തിന് മുന്നിലിരുത്തി ചിത്രമെടുത്ത ശേഷം ഭക്ഷണംഎടുത്തുകൊണ്ടുപോയിയെന്നാണ് പരാതി. 

പശ്ചിമബംഗാളിലെ ശാന്തിപൂരില്‍ നടന്ന സര്‍ക്കാര്‍ പരിപാടിക്കെതിരായാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. ഒരേ പാത്രം വച്ച് പരിപാടിക്ക് എത്തിയ എല്ലാവരേക്കൊണ്ടും ഫോട്ടോ എടുക്കുകയായിരുന്നുവെന്നാണ് ഇരുപതുകാരിയായ ഗര്‍ഭിണിയുടെ പരാതി. ചോറ്, പരിപ്പ്, പച്ചക്കറികള്‍, മുട്ടക്കറി, മധുരം ഇവയടങ്ങിയ ഭക്ഷണപാത്രത്തിന് മുന്‍പിലിരുത്തി ചിത്രമെടുത്ത ശേഷം മാറിയിരിക്കാന്‍ നിര്‍ദ്ദേശിച്ചുവെന്നാണ് മൗമിതാ ശാന്തുഖാന്‍ ആരോപിക്കുന്നത്. 

ഭക്ഷണം കഴിക്കാന്‍ വിളിച്ചിരുത്തിയ ശേഷം എഴുന്നേറ്റ് മാറാന്‍ ആവശ്യപ്പെട്ടത് അങ്ങേയറ്റം അപമാനിക്കുന്ന അനുഭവമായിരുന്നെന്ന് മൗമിത പറയുന്നു. ചിത്രമെടുക്കാനുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാട്ടിക്കൂട്ടലായിരുന്നു പരിപാടിയെന്നും മൗമിത പറയുന്നു. പ്രദേശത്തെ ഇരുപതോളം ഗര്‍ഭിണികളെ ഉള്‍പ്പെടുത്തിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സംഭവത്തെക്കുറിച്ച് മൗമിതയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. 

ചിത്രമെടുപ്പ് പൂര്‍ത്തിയായ ശേഷം പാര്‍സലായി ഭക്ഷണം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായി. എന്നാല്‍ അപമാനം നിമിത്തം താനത് വാങ്ങിയില്ലെന്ന് മൗമിത വ്യക്തമാക്കി. മൗമിതയുടെ പരാതിക്ക് പിന്നാലെ നിരവധിപ്പേരാണ് പരിപാടിയെക്കുറിച്ച് പരാതിയുമായി എത്തിയത്. 

വിദ്യാസാഗര്‍ വിദ്യാപീഠ് മേഖലയിലാണ് പരിപാടി നടന്നത്. ഐസിഡിഎസ് ആയിരുന്നു പരിപാടി ആസൂത്രണം ചെയ്തത്. ഗര്‍ഭിണികളിലും കുട്ടികളിലുമുള്ള പോഷകാഹാരക്കുറവ് പരിഹരിക്കുന്നത് ലക്ഷ്യമിട്ടുള്ളതായിരുന്നു പരിപാടി. അംഗനവാടികളിലായി എല്ലാ മാസത്തിന്‍റേയും നാലാമത്തെ വെള്ളിയാഴ്ചയാണ് പരിപാടി നടത്തുന്നത്. സംസ്ഥാന ശിശുക്ഷേമ വകുപ്പിന്‍റെ പദ്ധതിക്ക് കീഴിലാണ് പോഷകാഹാരദിനം ആചരിക്കുന്നത്. 

എന്നാല്‍ ഏഴുമാസം ഗര്‍ഭിണിയായ മൗമിതയ്ക്ക് ദഹനസംബന്ധിയായ അസൗകര്യമുണ്ടാകുമെന്ന് കരുതിയാണ് ഭക്ഷണം നല്‍കാതിരുന്നതെന്നും, ഭക്ഷണം വീട്ടിലേക്ക് കൊണ്ടുപോയിക്കഴിക്കാന്‍ സൗകര്യമൊരുക്കിയിരുന്നെന്നും ഐസിഡിഎസ് സംഘാടകര്‍ പറഞ്ഞു. മൗമിതയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
 

Follow Us:
Download App:
  • android
  • ios