ദില്ലി: വിവാഹവാർഷിക ദിനത്തിൽ വൈകാരികമായ കുറിപ്പുമായി കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഭർത്താവ് റോബർട്ട് വാദ്രക്കും കുടുംബാംഗങ്ങൾക്കുമൊപ്പമുള്ള വിവാഹചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.

''ഒരു മില്യൺ മനോഹരമായ നിമിഷങ്ങൾ..പ്രണയം, കണ്ണീർ, ചിരി, ദേഷ്യം, സൗഹൃദം, കുടുംബം, ദൈവം തന്ന രണ്ട് മക്കൾ, സ്നേഹമുള്ള നാല് നായ്ക്കുട്ടികൾ..6+23 വർഷം... ഇന്നേക്ക് 29 വർഷം.... എന്നേക്കും,''പ്രിയങ്ക ​ഗാന്ധി ട്വീറ്റ് ചെയ്തു. റോബർട്ട് വാദ്രയും പ്രിയങ്കയ്ക്ക് വിവാഹവാർഷിക ആശംസകൾ നേർന്നു. 

''വിവാഹവാർഷിക ആശംസകൾ പി. ഒരുമിച്ചുണ്ടായിരുന്ന വർഷങ്ങൾ നമ്മെ ഒന്നായിത്തീർത്തു. നല്ലതും മോശവുമായ സമയങ്ങൾ നമ്മുടെ ജീവിതത്തെ കൂടുതൽ രസകരമാക്കി. നിനക്ക് സന്തോഷവും ആരോഗ്യവും സ്നേഹവും നിറഞ്ഞ വർഷങ്ങൾ നേരുന്നു. മുന്നോട്ട് വരുന്നതെന്തായാലും നിന്റെ കൂടെ ഇനിയും നിരവധി വർഷങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്നു... എന്തൊക്കെ സംഭവിച്ചാലും,''റോബർട്ട് വാദ്ര ട്വിറ്ററിൽ കുറിച്ചു.

ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകൾ പങ്കുവച്ചായിരുന്നു റോബർട്ട് വാദ്രയുടെയും ട്വീറ്റ്. ഇരുവർക്കും ആശംസകൾ അർപ്പിച്ച് നിരവധി പേരാണ് പോസ്റ്റിന് താഴേ കമന്റിട്ടിരിക്കുന്നത്. 1997 ഫെബ്രുവരി 18 നായിരുന്നു റോബർട്ട് വാദ്രയുടെയും പ്രിയങ്കയുടെയും വിവാഹം. റെയ്ഹാൻ, മിറായ എന്നിവരാണ് മക്കള്‍.