Asianet News MalayalamAsianet News Malayalam

'നിങ്ങള്‍ക്ക് കഴിയുംവിധം പ്രതിഷേധിച്ചോളൂ, സിഎഎ നടപ്പാക്കുന്നതില്‍നിന്ന് പിന്നോട്ടില്ല'; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് അമിത് ഷാ

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം മൂന്ന് മാസത്തിനകം ആരംഭിക്കും. ആകാശം മുട്ടുന്ന ക്ഷേത്രമായിരിക്കും നിര്‍മിക്കുക. 

Protest as much as you can, CAA will not withdrawn: Amit Shah
Author
Lucknow, First Published Jan 21, 2020, 3:39 PM IST

ലഖ്നൗ: കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലും പൗരത്വ നിയമ ഭേദഗതി രാജ്യത്ത് നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലഖ്നൗവില്‍ ബിജെപി സംഘടിപ്പിച്ച സിഎഎ അനുകൂല റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. നിങ്ങള്‍ കഴിയും വിധം പ്രതിഷേധിച്ചോളൂ. പക്ഷേ സിഎഎ നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒരിഞ്ച് പിന്നോട്ടില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.

സിഎഎയെ സംബന്ധിച്ച് സംവാദത്തിന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തെ അമിത് ഷാ വെല്ലുവിളിച്ചു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം മൂന്ന് മാസത്തിനകം ആരംഭിക്കും. ആകാശം മുട്ടുന്ന ക്ഷേത്രമായിരിക്കും നിര്‍മിക്കുക. സിഎഎ നടപ്പാക്കുന്നത് ആരുടെയും പൗരത്വം എടുത്ത് കളയാനല്ലെന്നും കോണ്‍ഗ്രസ്, ബിഎസ്‍പി, എസ്‍പി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവര്‍ ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമിത് ഷാ വിമര്‍ശിച്ചു.

നിങ്ങള്‍ എത്ര പ്രതിഷേധിച്ചാലും നിയമം നടപ്പാക്കുമെന്നാണെനിക്ക് പറയാനുള്ളതെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി, ബിഎസ്‍പി നേതാവ് മായാവതി എന്നിവരെ അമിത് ഷാ പേരെടുത്ത് വിമര്‍ശിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയത്താല്‍ കോണ്‍ഗ്രസിന് കണ്ണ് കാണുന്നില്ലെന്നും അമിത് ഷാ വിമര്‍ശിച്ചു. 

അതേസമയം, ദില്ലിയിലെ ഷഹീന്‍ബാഗ്, ലഖ്നൗവിലെ ക്ലോക്ക് ടവര്‍ എന്നിവിടങ്ങളില്‍ കുട്ടികളും സ്ത്രീകളും നടത്തുന്ന സമരം ശക്തിയാര്‍ജിക്കുകയാണ്. പ്രമേയങ്ങള്‍ പാസാക്കിയും സുപ്രീം കോടതിയില്‍ നിയമനടപടി സ്വീകരിച്ചും സംസ്ഥാന സര്‍ക്കാറുകളും പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പോരാട്ടം കടുപ്പിക്കുകയാണ്. പൗരത്വ നിയമവും എന്‍ആര്‍സിയും നടപ്പാക്കില്ലെന്ന് പല സംസ്ഥാനങ്ങളും വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios