കൊൽക്കത്ത: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയ യുവാവിന് ജീവൻ തിരിച്ചുകിട്ടിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

പശ്ചിമബംഗാളിലെ മെഡിനിപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെളളിയാഴ്ച രാത്രിയാണ് സംഭവം. ഖരഗ്പൂര്‍- അസന്‍സോള്‍ പാസഞ്ചര്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ സുജോയ് ഘോഷ് എന്ന യുവാവാണ് അപകടത്തില്‍പ്പെട്ടത്. കാൽതെറ്റി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ അകപ്പെട്ടുപോകുന്ന സുജോയ് ഘോഷിനെയും വലിച്ച് ട്രെയിന്‍ മുന്നോട്ടുപോകുന്നത് വീഡിയോയിൽ കാണാം. ഇതിനിടയിൽ തലയും കാലുകളും പലപ്രാവശ്യം ട്രെയിനില്‍ ചെന്ന് ഇടിക്കുന്നുണ്ട്. 

ഇത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്‍ യുവാവിനെ വലിച്ച് മാറ്റി ജീവന്‍ രക്ഷിക്കുന്നതും വീ‍ഡിയോയിൽ കാണാം. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ധര്‍മ്മേന്ദ്ര യാദവാണ് മരണത്തിൽ നിന്നും സുജോയ് ഘോഷിനെ രക്ഷപ്പെടുത്തിയത്. പിന്നാലെ ട്രെയിൻ നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സുജോയ് ഘോഷിനെ ഉടൻ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.