ജയ്പൂർ: യാത്രാ ടിക്കറ്റ് റദ്ദാക്കിയതിലൂടെയും വെയിറ്റിം​ഗ് ലിസ്റ്റിലുള്ളവർ ടിക്കറ്റ് റദ്ദാക്കാത്തതിലൂടെയും ഇന്ത്യൻ റയിൽവേക്ക് ലഭിച്ചത് 9000 കോടി രൂപ. 2017 ജനുവരി ഒന്നുമുതൽ 2020 ജനുവരി 31 വരെയുള്ള കണക്കാണിതെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ വ്യക്തമാക്കുന്നു. 

രാജസ്ഥാനിലെ കോട്ട സ്വദേശി സുജിത് സ്വാമിയുടെ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയായാണ് സെന്റർ ഫോർ റെയിൽവേ ഇൻഫമേഷൻ സിസ്റ്റംസ് ഈ വിവരങ്ങൾ നൽകിയത്. വെയിറ്റിംഗ് ലിസ്റ്റിലുള്ള ഒൻപതര ദശലക്ഷം യാത്രക്കാർ ടിക്കറ്റ് റദ്ദാക്കിയതായി സിആർഐഎസ് അറിയിച്ചു. 

ഈയിനത്തിൽ 4335 കോടി രൂപയാണ് റെയിൽ‌വേയുടെ വരുമാനം. സാധാരണ ടിക്കറ്റ് റദ്ദാക്കലിലൂടെ 4,684 കോടി രൂപയും ലഭിച്ചു.‌ ഈ രണ്ട് കേസുകളിലും ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് സ്ലീപ്പർ ക്ലാസ് ടിക്കറ്റിൽ നിന്നാണ്. എസി ക്ലാസ് (മൂന്നാം എസി) ടിക്കറ്റുകൾ റദ്ദാക്കിയതുവഴിയും റെയിൽവേയ്ക്ക് കോടികണക്കിന് രൂപ ലഭിച്ചു.

അതേസമയം, മൂന്നുവർഷത്തിനിടെ 14.5 ദശലക്ഷത്തിലധികം ആളുകൾ ഓൺലൈനിൽ ടിക്കറ്റ് എടുക്കുകയും 74 കോടി ആളുകൾ റെയിൽവേ കൗണ്ടറുകളിൽ പോയി ടിക്കറ്റ് എടുക്കുകയും ചെയ്തിട്ടുണ്ട്.