ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എക്കും ബന്ധുക്കള്‍ക്കുമെതിരെ വീട്ടമ്മയുടെ ബലാത്സംഗ പരാതി. ബദോഹി എംഎല്‍എ രവീന്ദ്രനാഥ് ത്രിപാഠിക്കും ആറ് ബന്ധുക്കള്‍ക്കുമെതിരെയാണ് 40കാരിയായ വീട്ടമ്മ പരാതിയുമായി രംഗത്തെത്തിയത്. 2017ലെ തെരഞ്ഞെടുപ്പ് സമയത്ത് അന്നത്തെ സ്ഥാനാര്‍ത്ഥിയായിരുന്ന രവീന്ദ്രനാഥ് ത്രിപാഠിയുള്‍പ്പെടെ ഏഴ് പേര്‍ ഹോട്ടല്‍മുറിയില്‍ ഒരുമാസത്തോളം തന്നെ പീഡിപ്പിച്ചു. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഗര്‍ഭച്ഛിദ്രം ചെയ്യാനും നിര്‍ബന്ധിച്ചു.  വിവാഹത്തിന് മുമ്പ് രവീന്ദ്രനാഥിന്‍റെ അനന്തരവന്‍ സന്ദീപ് തിവാരിയും തന്നെ പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു.

സന്ദീപ് തിവാരിക്കെതിരെയാണ് ആദ്യം ആരോപണം ഉന്നയിച്ചത്. ആറ് വര്‍ഷം മുമ്പാണ് സന്ദീപ് തിവാരിയെ ട്രെയിനില്‍ നിന്ന് പരിചയപ്പെടുന്നത്. പിന്നീട് പരിചയത്തിലായി. വിവാഹ വാഗ്ദാനം നല്‍കി സന്ദീപ് തിവാരി തന്നെ ലൈംഗികമായി ചൂഷണം ചെയ്തു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഉപദ്രവിച്ചു. 
പാരാതിയില്‍ പറയുന്ന മുഴുവന്‍ പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും. വീട്ടമ്മയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തുമെന്നും ജില്ലാ പൊലീസ് മേധാവി റാം ബദന്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം, വീട്ടമ്മയുടെ ആരോപണങ്ങള്‍ നിഷേധിച്ച് എംഎല്‍എ രംഗത്തെത്തി. പരാതിയും ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചയാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ തെളിഞ്ഞാല്‍ താനും കുടുംബവും തൂക്കിലേറാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ചന്ദ്രഭൂഷന്‍ ത്രിപാഠി, ദീപക് തിവാരി, നിതീഷ് തിവാരി, പ്രകാശ് തിവാരി എന്നിവരാണ് മറ്റ് ആരോപണ വിധേയര്‍.