ലക്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഹൃദയാഘാതം മൂലം മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാൻ ബന്ധുക്കൾ മടി കാണിച്ചപ്പോൾ അയൽവാസികളായ മുസ്ലീം സഹോദരങ്ങൾ സംസ്കാരത്തിന് നേതൃത്വം നൽകി. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതിനിടെയാണ് ആനന്ദിവിഹാറിലെ രവി ശങ്കർ മരിച്ചത്. ഹൃദയാ​ഘാതമായിരന്നു മരണ കാരണം. സംസ്കാര ചടങ്ങ് നടത്താൻ മകൻ ബന്ധുക്കളെ വിവരമറിയിച്ചെങ്കിലും കൊവിഡ് ഭയം മൂലം ആരും വന്നില്ല.

"

ഒടുവിൽ അയൽവാസികളായ മുസ്ലീം യുവാക്കളെത്തി ഇയാളെ ആശ്വസിപ്പിച്ചു. രാമനാമം ഉരുവിട്ട് മൃതദേഹം അവർ തോളിലേറ്റി. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂെ പ്രചരിച്ചതോടെ പല പ്രമുഖരും ബുലന്ദ്ഷഹറിലെ യുവാക്കളെ പ്രശംസിച്ചെത്തി. ഇന്ത്യയുടെ യഥാർത്ഥ ആത്മാവ് എന്നായിരുന്നു ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ച്  ശശി തരൂർ പറഞ്ഞത്. ആൾക്കൂട്ടക്കൊലയിൽ കുപ്രസിദ്ധമായ നാട്ടിൽ നിന്നാണ് രാജ്യത്തിന്റെ മതേതര മുഖത്തിന്റെ ഈ കാഴ്ച എന്നത് ഏറെ ശ്രദ്ധേയമാകുന്നു.