ദില്ലിയിൽ സുരക്ഷ കർശനമാക്കി. പ്രധാന പാതകളെല്ലാം അടച്ചു. ചെങ്കോട്ടയിൽ നിന്ന് ട്രാക്ടറുകളെയും സമരക്കാരെയും പുറത്താക്കി.
- Home
- News
- India News
- Live || ചെങ്കോട്ടയും ശാന്തം; സമരക്കാർ പുറത്ത് കടന്നു, നിയന്ത്രണം പൊലീസിന്; സമരക്കാരെ തിരികെ വിളിച്ച് സമരസമിതി
Live || ചെങ്കോട്ടയും ശാന്തം; സമരക്കാർ പുറത്ത് കടന്നു, നിയന്ത്രണം പൊലീസിന്; സമരക്കാരെ തിരികെ വിളിച്ച് സമരസമിതി

ദില്ലി ഐടിഒയിൽ നടന്ന സംഘർഷത്തിൽ ഒരാൾ വെടിയേറ്റ് മരിച്ചെന്നും, അദ്ദേഹത്തിന്‍റെ മൃതദേഹം പൊലീസ് തന്നെ കൊണ്ടുപോയെന്നും കർഷകസംഘടനകൾ പറയുന്നു. ചെങ്കോട്ടയ്ക്ക് മുകളിൽ സമരക്കാർ. തത്സമയം.
ദില്ലിയിൽ സുരക്ഷ കർശനമാക്കി
നാല് കേസുകൾ രജിസ്റ്റർ ചെയ്തു
സിംഘു തിക്രി അതിർത്തികളിലെ സംഘർഷവുമായി ബന്ധപ്പെട്ട് നാല് കേസുകൾ രജിസ്റ്റർ ചെയ്തു
83 പൊലീസുകാർക്ക് പരിക്കേറ്റെന്ന് ദില്ലി പൊലീസ്
ഇന്നത്തെ സംഘർഷത്തിൽ 83 പൊലീസുകാർക്ക് പരിക്കേറ്റെന്ന് ദില്ലി പൊലീസ്. സംഘർഷത്തിൽ ദില്ലി പൊലീസ് കമ്മിഷണർ അടിയന്തര റിപ്പോർട്ട് തേടി. ചെങ്കോട്ടയിൽ മാത്രം 41 പൊലീസുകാർക്ക് പരിക്കേറ്റു. 45 പേർ ചികിത്സയിലുണ്ട്.
15000 പേർ ദില്ലിയിൽ തമ്പടിച്ചെന്ന് പൊലീസ്
15000 കർഷകർ ദില്ലി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിരിക്കുന്നതായി പൊലീസ് പറയുന്നു. ഇവരെ തിരികെ വിളിക്കണമെന്ന് കർഷക സംഘടനകളോട് ദില്ലി പൊലീസ് ആവശ്യപ്പെട്ടു.
ഇന്റർനെറ്റ് വിച്ഛേദിച്ചു
ഹരിയാനയിലെ പലയിടങ്ങളിലും ഇന്റർനെറ്റ് വിച്ഛേദിച്ചു. സോണിപത്ത്, ജാജ്ജർ, പൽവാൽ എന്നിവിടങ്ങളിലാണ് നാളെ വൈകിട്ട് അഞ്ച് മണിവരെ ഇന്റർനെറ്റ് താത്കാലികമായി വിച്ഛേദിച്ചത്.
കർഷക പരേഡ് നിർത്തിവെക്കുന്നു
കർഷക പരേഡ് നിറുത്തിവയ്ക്കുന്നു എന്ന് സംയുക്ത കിസാൻ മോർച്ച. ദില്ലിയിലുള്ളവർ സമരസ്ഥലങ്ങളിലേക്ക് മടങ്ങണമെന്ന് ആവശ്യം.
സമരക്കാരൻ ട്രാക്ടർ മറിഞ്ഞ് മരിച്ചെന്ന് പൊലീസ്
കർഷകരുടെ ട്രാക്ടർ റാലിക്കിടെ ട്രാക്ടർ മറിഞ്ഞ് ഒരു സമരക്കാരൻ മരിച്ചെന്ന് പോലീസ്. ദൃശ്യങ്ങൾ പുറത്ത് വിട്ടു. പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ അക്രമം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജോയിന്റ് കമ്മീഷണർ അലോക് കുമാർ പറഞ്ഞു.
ചെങ്കോട്ടയിൽ സുരക്ഷ കടുപ്പിക്കും
ചെങ്കോട്ടയിൽ കൂടുതൽ പോലീസിനെയും, കേന്ദ്രസേനയേയും വിന്യസിക്കാൻ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ
ചെങ്കോട്ടയിൽ വെളിച്ചം കെടുത്തി
ചെങ്കോട്ടയിൽ വെളിച്ചം കെടുത്തി പൊലീസ്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വെളിച്ചം കെടുത്തിയത്.
കർഷകരെ കുറ്റപ്പെടുത്തി ദില്ലി പൊലീസ്
'ട്രാക്ടർ റാലിയുടെ സമയവും പാതയും നിരവധി ചർച്ചകൾക്ക് ശേഷമാണ് തീരുമാനിച്ചത്. എന്നാൽ കർഷകർ സമയക്രമം പാലിക്കാതെ മുന്നോട്ട് പോയതാണ് അക്രമത്തിന് കാരണമായത്. നിരവധി പൊലീസുകാർക്ക് സംഭവത്തിൽ പരിക്കേറ്റു' - ദില്ലി പൊലീസ് കമ്മീഷണർ എസ്എൻ ശ്രീവാസ്തവ
ഐടിഒയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു
ദില്ലിയിൽ പ്രതിഷേധത്തിനിടെ കർഷകൻ മരിച്ച ഐടിഒയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. വാഹനങ്ങൾ കടത്തി വിട്ട് തുടങ്ങി. ഇവിടെ നിന്ന് മരിച്ച കർഷകന്റെ മൃതദേഹം മാറ്റിയതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.
18 പൊലീസുകാർക്കും പരിക്ക്
ദില്ലി സംഘർഷത്തിൽ 18 പൊലീസുകാർക്ക് പരിക്ക്. ഒരു പൊലീസുകാരന്റെ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ട്.
പഞ്ചാബിൽ അതീവ ജാഗ്രത
പഞ്ചാബിൽ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി അമരേന്ദർ സിംഗ് നിർദ്ദേശം നൽകി
ചെങ്കോട്ടയിലെത്തിയ കർഷകരിൽ ചിലർ മടങ്ങുന്നു. കൂടുതൽ പേർ എത്തുന്നു
കർഷക സംഘടനകളുടെ ആഹ്വാനത്തെ തുടർന്ന് ചെങ്കോട്ടയിൽ തമ്പടിച്ച കർഷകരിൽ ചിലർ മടങ്ങി പോകുന്നു. അതേസമയം കൂടുതൽ കർഷകർ ചെങ്കോട്ടയിൽ എത്തി പ്രതിഷേധക്കാർക്കൊപ്പം ചേരുന്നു.
ആഭ്യന്തരമന്ത്രാലയത്തിൽ ഉന്നതതലയോഗം ചേരുന്നു
കർഷകരുടെ ട്രാക്ടർ മാർച്ച് സംഘർഷഭരിതമായതിന് പിന്നാലെ സൗത്ത് ബ്ലോക്കിലെ ആഭ്യന്തരമന്ത്രാലയത്തിൽ ഉന്നതയോഗം ആരംഭിച്ചു. സമരം നേരിടുന്നതിൻ്റെ ഭാഗമായി ദില്ലിയിലെ വിവിധ ഭാഗങ്ങളിൽ ഇൻ്റർനെറ്റ് സേവനം നിർത്തിവച്ചിരിക്കുകയാണ്.
ചെങ്കോട്ടയുടെ മുകളിൽ കയറി കൊടി നാട്ടി കർഷകർ
കർഷകരുടെ ട്രാക്ടർ റാലിയോട് അനുബന്ധിച്ച് ചെങ്കോട്ടയിൽ സംഘർഷം തുടരുന്നു. സിംഗ്ലുവിൽ നിന്നും എത്തിയ ഒരു വിഭാഗം കർഷകർ ചെങ്കോട്ടയ്ക്ക് അകത്ത് പ്രവേശിച്ച്. ദേശീയപതാകയോടൊപ്പം കർഷകസംഘടനകളുടെ പതാകയും ഉയർത്തി. വൻ പൊലീസ്- കേന്ദ്രസേന വിന്യാസം ഈ സമയം ചെങ്കോട്ടയിൽ ഉണ്ടായിരുന്നുവെങ്കിലും അവർ സമരക്കാരെ തടഞ്ഞില്ല.
സമാധാനം പുനസ്ഥാപിക്കാൻ ആഹ്വാനം ചെയ്ത് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്
അക്രമം ഉണ്ടാക്കുന്നത് കർഷക റാലി പരാജയപ്പെടുത്താൻ ശ്രമിക്കുന്നവരുടെ വിജയമായിരിക്കുമെന്ന് അശോക് ഗെഹ്ലോട്ട്
സംയുക്ത കിസാൻ മോർച്ചയുടെ പ്രസ്താവനയിൽ നിന്ന്
രാജ്യതലസ്ഥാനത്ത് നടന്ന അക്രമത്തിൽ കർഷകസംഘടനകൾക്ക് യാതൊരു പങ്കുമില്ല. കഴിഞ്ഞ 60 ദിവസമായി തീർത്തും സമാധാനപരമായ സമരമാണ് കർഷകസംഘടനകൾ നടത്തി വന്നത്. എന്നാൽ ഇന്ന് ചില വ്യക്തികളും സംഘടനകളും സമാധാനപരമായ സമരം എന്ന ധാരണയെ അട്ടിമറിക്കാൻ ശ്രമിച്ചു. ഇന്ന് നടന്ന സമരത്തിൽ സാമൂഹ്യവിരുദ്ധർ നുഴഞ്ഞു കയറുന്ന സ്ഥിതിയുണ്ടായി. രാജ്യത്തിൻ്റെ അഭിമാനമായ ദേശീയ സ്മാരകങ്ങളിലും പ്രതീകങ്ങളിലും ഉണ്ടായ സംഘർങ്ങളോട് ഒരു തരത്തിലും യോജിക്കാനാവില്ല. ദില്ലിയിൽ ഇന്ന് നടന്ന സമരത്തിൻ്റേയും സംഘർഷങ്ങളുടേയും വിശദവിവരങ്ങൾ ശേഖരിച്ച ശേഷം ഇതേക്കുറിച്ച് വിശദമായ പ്രതികരണം പിന്നീട് നടത്തും.
കർഷകരുടെ ദില്ലി ട്രാക്ടർ മാർച്ച് ചരിത്രവിജയമെന്ന് സംയുക്ത കിസാൻ മോർച്ച
72-ാം റിപ്പബ്ളിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ മാർച്ച് ചരിത്രസംഭവമാണെന്നും ആയിരക്കണക്കിന് കർഷകരാണ് ട്രാക്ടറുകളിൽ ദില്ലിയിലേക്ക് മാർച്ച് ചെയ്തെന്നും സമരത്തിന് പൂർണപിന്തുണ നൽകിയ കർഷകരോട് നന്ദി പറയുന്നുവെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ അറിയിച്ചു.
കർഷക സമരത്തിനിടെയുണ്ടായ അക്രമങ്ങളെ അപലപിച്ച് കർഷകസംഘടനകൾ
കാർഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കർഷകർ നടത്തിയ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷത്തെ അപലപിച്ച് സമരം നടത്തുന്ന സംഘടനകൾ. ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കാത്ത പല കാര്യങ്ങളും ഇന്നു നടന്നുവെന്നും സമാധാനപരമായി നടന്ന സമരത്തെ അട്ടിമറിക്കാൻ ചില വ്യക്തികളും സംഘടനകളും ശ്രമിച്ചെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിലൂടെ പറഞ്ഞു.