Asianet News MalayalamAsianet News Malayalam

ഷഹീൻബാഗ് സമരത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ സുപ്രീം കോടതി കേസെടുത്തു

ധീരതക്കുളള പുരസ്കാരം നേടിയ 12 വയസുകാരി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്

SC took cognizance on infant death at shaheen bagh protest against CAA
Author
Shaheen Bagh, First Published Feb 7, 2020, 9:30 PM IST

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻ ബാഗിൽ തുടരുന്ന പ്രതിഷേധത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. സമരത്തിൽ പങ്കെടുക്കാനെത്തിയ സ്ത്രീയുടെ നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ധീരതക്കുളള പുരസ്കാരം നേടിയ 12 വയസുകാരി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

കുട്ടികളെ സമരങ്ങളിൽ പങ്കെടുപ്പിക്കുന്നത് തടയണം എന്നാവശ്യപ്പെട്ടാണ് കത്ത്.  ഈ കേസ് ഈ മാസം പത്തിന് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. ജനുവരി മാസം 30 നാണ് അമ്മയ്ക്ക് ഒപ്പം സമരത്തിലുണ്ടായിരുന്ന കൈക്കുഞ്ഞ് മരിച്ചത്. അതിശൈത്യം മൂലമുള്ള കഫക്കെട്ടിനെ തുടർന്നായിരുന്നു കുഞ്ഞിന്റെ മരണം.

ഷാഹീൻബാഗിലെ പ്രതിഷേധക്കാരിൽ ഒരാളായിരുന്ന നാസിയ എന്ന യുവതിയുടെ മകൻ മുഹമ്മദ് ജഹാൻ എന്ന കുഞ്ഞാണ് 30 ന് മരിച്ചത്. വീട്ടിൽ കുഞ്ഞിനെ വിശ്വസിച്ചേൽപ്പിച്ചു പോരാൻ പറ്റിയ ആരും തന്നെ ഇല്ലാതിരുന്നതുകൊണ്ടാണ് നാസിയ അവനെയും പന്തലിലേക്ക് കൂട്ടിയത് എന്നായിരുന്നു വിശദീകരണം. ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ അവൻ അവിടെ എല്ലാവരുടെയും  പൊന്നോമനയായി മാറിക്കഴിഞ്ഞിരുന്നു. അവന്റെ കവിളിൽ ത്രിവർണ പതാക വരച്ചു കൊടുത്തും, കയ്യിൽ കുഞ്ഞു കൊടി പിടിപ്പിച്ചും അവർ അവനെ ആ സമരത്തിന്റെ മുഖമുദ്രയാക്കി കൊണ്ടുനടന്നിരുന്നു. 

ഷാഹീൻ ബാഗിൽ രാത്രി ഒരുമണി വരെ സമരപ്പന്തലിൽ ഇരുന്ന് തിരികെവന്ന ശേഷം, അമ്മ നാസിയ  വീട്ടിനുള്ളിൽ മൂത്ത കുഞ്ഞുങ്ങൾക്കൊപ്പം ഉറക്കി കിടത്തിയ ജഹാൻ അടുത്ത ദിവസം രാവിലെ ഉണർന്നില്ല. അവന്റെ നെഞ്ചിൽ മിടിപ്പോ, മൂക്കിൽ മൂച്ചോ ഉണ്ടായിരുന്നില്ല. നെഞ്ചിൽ വന്ന കടുത്ത കഫമാണ് അവന്റെ ജീവനെടുത്തത്. സമരപ്പന്തലിൽ വച്ച് കുഞ്ഞിന് അതിശൈത്യത്തെ തുടർന്ന്, ജലദോഷവും പനിയും ചുമയും വന്നു. കഫം നെഞ്ചിലേക്കിറങ്ങിയ കുഞ്ഞ് രോഗം മൂർച്ഛിച്ചാണ് മരിച്ചത്.

Follow Us:
Download App:
  • android
  • ios