മുംബൈ: സർക്കാർ രൂപീകരണം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ ബിജെപിക്ക് മുന്നറിയിപ്പുമായി ശിവസേന നേതാവും രാജ്യസഭാ എംപിയുമായ സഞ‌്ജയ് റൗത്ത്. ഭരണത്തിന്‍റെ റിമോട്ട് കൺട്രോൾ സേനയുടെ പക്കലായിരിക്കുമെന്നാണ് സഞ്ജയ് റൗത്തിന്‍റെ പ്രസ്താവന. ബാൽതാക്കറെയുടെ കാലത്തെ അധികാര നിയന്ത്രണത്തെ ഓർമ്മിപ്പിക്കുന്നതാണ് റിമോട്ട് കൺട്രോൾ പരാമർശം. 

2014ൽ 63 സീറ്റുകൾ ലഭിച്ച ശിവസേനയ്ക്ക് ഇത്തവണ 56 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.  എന്നാൽ തെരഞ്ഞെടുപ്പോട് കൂടി ശിവസേന ബിജെപിക്ക് മുമ്പിൽ അപ്രസക്തമായിപ്പോകുമെന്ന പ്രതീക്ഷകൾ അസ്ഥാനത്തായി.  105 സീറ്റുകളുള്ള ബിജെപി നിലവിൽ എറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും സേനയുടെ പിന്തുണയില്ലാതെ ഭരണം  സാധ്യമല്ല. ഒറ്റയ്ക്ക ഭൂരിപക്ഷം നേടുകയെന്ന ബിജെപിയുടെ  മോഹം പൊലിഞ്ഞതോടെ സേന അധികാരത്തിനായുള്ള പിടവലി തുടങ്ങിയിട്ടുണ്ട്. 

മുഖ്യമന്ത്രി സ്ഥാനം രണ്ടരവര്‍ഷം വീതം രണ്ട് പാര്‍ട്ടികളും ചേര്‍ന്ന് പങ്കിട്ടെടുക്കണമെന്നും ഇക്കാര്യം രേഖമൂലം ഉറപ്പ് തരണമെന്നുമാണ് ശിവസേനയുടെ പുതിയ നിലപാട്. ശിവസേനാ തലവന്‍ ഉദ്ധവ് താക്കറുടെ വസതിയായ മാതോശ്രീയില്‍ നടന്ന എംഎല്‍എമാരുടെ യോഗത്തിന് ശേഷമാണ് ശിവസേന ഇക്കാര്യത്തില്‍ നിലപാട് കടുപ്പിച്ചത്. 

ഇതിന് വഴങ്ങരുതെന്ന നിലപാടിലാണ് സംസ്ഥാനത്തെ ബിജെപിയെങ്കിലും അമിത് ഷാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇക്കാര്യത്തിൽ ഉറപ്പ് നൽകിയെന്നാണ് ശിവസേന അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ പറയുന്നത്. ഇത് കള്ളമാണെന്നാണ് ബിജെപി സംസ്ഥാൻ നേതൃത്വം പറയുന്നത്. ബുധനാഴ്ച ബിജെപി നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. അതിന് മുമ്പ് അത് ഷാ നേരിട്ട് ഉദ്ധവ് താക്കറെയുമായി ചർച്ച നടത്തിയേക്കും. ഉപമുഖ്യമന്ത്രി പദത്തിനൊപ്പം ആഭ്യന്തര മന്ത്രിപദവും ഒത്തുതീർപ്പ് ഫോർമുലയായി ശിവസേന ആവശ്യപ്പെടുമെന്നാണ് സൂചന.

സേനയുടെ നിലപാടി എൻസിപി പിന്തുണയുമായെത്തിയതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി പദത്തില്‍ അവകാശമുന്നയിക്കാന്‍ ശിവസേനയ്ക്ക് അധികാരമുണ്ടെന്ന് ശരത് പവാര്‍ തന്നെ പറയുകയുണ്ടായി. മുഖ്യമന്ത്രി പദം പങ്കിടാന്‍ ബിജെപി തയ്യാറാവാത്ത പക്ഷം ശിവസേനയെ എന്‍സിപി പിന്തുണച്ചേക്കും എന്ന സൂചനയുണ്ട്. ശിവസേന ആവശ്യപ്പെട്ടാല്‍ ഇക്കാര്യം നേതൃത്വം പരിശോധിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളും വ്യക്തമാക്കുന്നു. 

മുംബൈയിലെ വെസ്റ്റ് വര്‍ളിയില്‍ നിന്നും 66000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയാണ് ഇപ്പോള്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ പുതിയതാരം. താക്കറെ കുടുംബത്തില്‍ നിന്നും ആദ്യമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തിയ ഈ 29-കാരനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഫ്ലക്സുകളും കൗട്ടട്ടുകളും ശിവസേന പ്രവര്‍ത്തകര്‍ നഗരത്തില്‍ ഉയര്‍ത്തുന്നുണ്ട്.